പോയ വർഷം 8,229 കേസുകൾ;  ലഹരി വല അറുക്കണം

Thursday 01 January 2026 9:27 PM IST

കണ്ണൂർ:കഴിഞ്ഞ വർഷം ജില്ലയിൽ എക്‌സൈസ് വകുപ്പ് വെളിപ്പെടുത്തിയ കണക്കുകൾ വെളിപ്പെടുത്തുന്നത് ലഹരിവ്യാപനത്തിന്റെ ഭീകരത. 2025 ജനുവരി മുതൽ ഡിസംബർ വരെ മാത്രം 8,229 ലഹരി കേസുകളാണ് രജിസ്റ്റർ ചെയ്തത്.ഈ കേസുകളിലായി 2,128 പേരെ അറസ്റ്റ് ചെയ്തിട്ടുമുണ്ട്. ലഹരിക്കടത്തിൽ ലിംഗ,​പ്രായഭേദമെന്യേയുള്ളവർ പങ്കാളാകളാകുന്നുവെന്നതിനു ഈ കേസുകൾ തെളിവാണ്. ജില്ലാ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണർ പി.കെ. സതീശിന്റെ നേതൃത്വത്തിൽ 10,949 പരിശോധനകളാണ് പോയ വർഷം നടത്തിയത് നടത്തി. ശരാശരി 30 പരിശോധനകളെന്നതാണ് വകുപ്പിന്റെ കണക്ക്. കേസുകളിൽ 1687 എണ്ണം അബ്കാരി കുറ്റകൃത്യങ്ങളാണ്.മയക്കുമരുന്ന് കേസുകൾ 758 ,​നിരോധിത പുകയില വില്പനയുമായി ബന്ധപ്പെട്ടാണ് 5,784 കേസുകൾ രജിസ്റ്റർ ചെയ്തത്.ലഹരിവിരുദ്ധ പോരാട്ടം കൂടുതൽ ശക്തമാക്കേണ്ടതിന്റെ ആവശ്യകതയാണ് കണക്കുകൾ വിരൽചൂണ്ടുന്നത്.

എത്തുന്നത് മാരകലഹരികൾ പോയ വർഷം 105 കിലോ കഞ്ചാവും 547 ഗ്രാം മെത്താംഫെറ്റാമിൻ ,​121 ഗ്രാം എം.ഡി.എം.എ, 16 ഗ്രാം ഹെറോയിൻ, 8 ഗ്രാം ബ്രൗൺഷുഗർ എന്നിവയാണ് എക്സൈസ് പിടികൂടിയത്. പന്ത്രണ്ട് കഞ്ചാവ് ചെടികളും പിടികൂടി. ലഹരികടത്തുമായി ബന്ധപ്പെട്ട് 39 മൊബൈൽ ഫോണുകളും കസ്റ്റഡിയിലെടുത്തു. സംഘടിത ലഹരികടത്തിന്റെ സാന്നിധ്യമാണ് ഇതിലൂടെ സ്ഥിരീകരിക്കാനായത്.

അന്യസംസ്ഥാന മദ്യകടത്തും സജീവം മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 842 ലിറ്റർ മദ്യം, വാഷ് 21690 ലിറ്റർ, ചാരായം 266 ലിറ്റർ അനധികൃത വിദേശ മദ്യം ,​4,384 ലിറ്റർ എന്നിവയും എക്സൈസ് പിടികൂടിയിരുന്നു. 564 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങളും എക്സൈസ് പിടികൂടി. വിവിധ ഇനങ്ങളിലായി 34.70 ലക്ഷം രൂപ പിഴയാണ് ഈടാക്കിയത്.

നിയമനടപടികൾ

അബ്കാരി കുറ്റത്തിൽ അറസ്റ്റ് 1373

മയക്കുമരുന്ന് കടത്ത് 755

പിടിച്ചെടുത്ത വാഹനങ്ങൾ 96

മയക്കുമരുന്ന് ഇടപാടുകാരിൽ നിന്ന് പിടികൂടിയത് ₹ 38,290