എട്ടുവർഷം പിന്നിട്ട് കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം: ഓഹരിയുടമകൾക്ക് ലാഭവിഹിതം അകലെ
മട്ടന്നൂർ: എട്ടുവർഷം പിന്നിട്ട കണ്ണൂർ വിമാനത്താവളത്തിനായി ഓഹരിയുടമകൾ മുടക്കിയ തുകയ്ക്കുള്ള ലാഭം കിട്ടാൻ ഇനിയും കാത്തിരിക്കേണ്ടിവരും.വലിയ വികസനത്തിനുള്ള സാദ്ധ്യത മുന്നിൽക്കണ്ട് നൂറുകണക്കിന് പേരാണ് കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരികൾ വാങ്ങിയത്.നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ഓഹരി എടുത്തവർക്ക് നല്ല ലാഭം ലഭിച്ചതാണ് സാധാരണക്കാർ പോലും കണ്ണൂർ വിമാനത്താവളത്തിന്റെ ഓഹരി എടുത്തതിന് കാരണം.
രണ്ടുവർഷംകൊണ്ട് തന്നെ വിമാനത്താവളം ലാഭത്തിൽ എത്തുമെന്നതായിരുന്നു അധികൃതർ അവകാശപ്പെട്ടത്. ഈ പ്രതീക്ഷയിൽ തൊഴിലാളികൾ അടക്കം നിരവധിപേർ ഓഹരികൾ എടുക്കുകയായിരുന്നു.
2019 ജൂലായിലാണ് വിമാനത്താവളങ്ങളിൽ നിരവധി പ്രവർത്തനങ്ങൾക്ക് മൂലധനം കണ്ടെത്തുന്നത് പൊതുജനങ്ങളിൽനിന്ന് ഒരു കോടി ഷെയർ സമാഹരിക്കാൻ കമ്പനികൾ, സഹകരണ സംഘങ്ങൾ പൊതുജനങ്ങൾ എന്നിവരിൽനിന്ന് അപേക്ഷ ക്ഷണിച്ചത്. എന്നാൽ കൊവിഡ് പ്രതിസന്ധിയോടെ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്റെ ഷെയർ സമാഹരണത്തിന് തിരിച്ചടി കണ്ടുതുടങ്ങുകയായിരുന്നു. ഈ കാലയളവിൽ ഓഹരി സമാഹരണം പ്രതിസന്ധിയിലായി. എയർ സൈഡ് വിപുലികരണം, എയർ കാർഗോ കോംപ്ലക്സ് ,കിയാൽ ഓഫീസ് കെട്ടിടം എന്നിവയുടെ നിർമ്മാണത്തിന് പണം കണ്ടെത്തുന്നതിനാണ് ഓഹരികൾ വിറ്റഴിക്കാൻ തീരുമാനിച്ചത്.
ഷെയർവില 130
കുറഞ്ഞ ഓഹരി 500
ഓഹരിയുടമകൾക്ക് പരാതിയുണ്ട്
അതെ സമയം വരുമാനവർദ്ധവുണ്ടായാലും തങ്ങളെ പരിഗണിക്കുന്നില്ലെന്ന് നേരത്തെ തന്നെ ഓഹരിയുടമകൾ പരാതിപ്പെട്ടിരുന്നു. 2024-25 സാമ്പത്തിക വർഷത്തിൽ 195 കോടി രൂപയുടെ വരുമാനം നേടിയ കിയാൽ കോടികൾ നിക്ഷേപിച്ച ഓഹരിയുടമകൾക്ക് ലാഭവിഹിതം നൽകുന്നില്ലെന്നാണ് ഓഹരി ഉടമകളുടെ ആക്ഷേപം. പല ഓഹരിയുടമകളെയും വാർഷിക ജനറൽ ബോഡി യോഗത്തിൽ പോലും പങ്കെടുപ്പിക്കാറില്ലെന്ന പരാതിയും നേരത്തെ ഉയർന്നിരുന്നു.
കഴിഞ്ഞ ആറുവർഷമായി പ്രവാസികൾ ഉൾപ്പെടെ അഞ്ഞൂറിലേറെ നിക്ഷേപകർക്ക് ലാഭവിഹിതം ലഭിക്കാത്തതിനെതിരെ കിയാൽ ഷെയർ ഹോൾഡേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കണ്ണൂർ വിമാനത്താവള സംരക്ഷണ ദിനം ഉൾപ്പെടെ ആചരിച്ചിരുന്നു. കേന്ദ്ര കമ്പനി കാര്യവകുപ്പിന് നിക്ഷേപകർ പരാതിയും നൽകിയിരുന്നു. വിമാനത്താവള കമ്പനി നഷ്ടത്തിലാണെന്നായിരുന്നു ഇക്കാര്യത്തിൽ കിയാൽ മാനേജ്‌മെന്റിന്റെ ന്യായീകരണം.