കാലം മാറിയാലും കോലം മാറാനില്ല; ഇവർക്ക് നീലക്കുപ്പായം മതി
കണ്ണൂർ: കർഷകർക്കും കൂലിപ്പണിക്കാർക്കും ഉണ്ട് യൂണിഫോം!. നെറ്റിചുളിക്കേണ്ട, കണ്ണൂർ പെരളം ദേശത്തുകാർ ആറരപ്പതിറ്റാണ്ട് മുമ്പ് തുടങ്ങിയ ശീലം ഇനിയും പൂർണമായി ഉപേക്ഷിച്ചിട്ടില്ല. അല്ലെങ്കിൽ, അവർക്ക് അങ്ങനെയങ്ങ് ഉപേക്ഷിക്കാനാവുന്നതല്ല ഈ നീലക്കുപ്പായം. പെരളത്ത ഗ്രാമവീഥികളിലെ കാർഷിക സ്മൃതിയുടെ അടയാളമായ നീലക്കുപ്പായത്തെ കുറിച്ച് ചോദിച്ചപ്പോൾ
'വർഷങ്ങൾ മാറട്ടെ, ഞങ്ങൾക്ക് ഒരു മാറ്റവുമില്ല. ഇനിയും ഈ നീലക്കുപ്പായം മതി" കുതിരുകാരൻ നാരായണൻ, പുളുക്കൂൽ നാരായണൻ, മടമ്പത്ത് ചിരുകണ്ഠൻ, ടി.പി. കുഞ്ഞിരാമൻ, ആലപ്പുരയിൽ നാരായണൻ, കാനാ കൃഷ്ണൻ നായർ, വൈക്കത്ത് ഭാസ്‌കരൻ തുടങ്ങി എല്ലാവരും ഒരേ സ്വരത്തിൽ പറഞ്ഞു.
യൂണിഫോം എന്ന ആശയം തന്നെ അത്ര വ്യാപകമൊന്നുമല്ലാത്ത കാലം കർഷകർക്കും കൂലിപ്പണിക്കാർക്കുമിടയിൽ പാടത്ത് ഒരുമിച്ച് കഠിനാദ്ധ്വാനം ചെയ്യുന്ന യുവാക്കളിൽ ഒരാൾക്ക് ഒരു ചോദ്യം തോന്നി: ഒരേ ജോലി ചെയ്യുന്ന നമുക്കെല്ലാം ഒരേ വസ്ത്രമായാലെന്താ? അതുമുതലാണ് നീലക്കുപ്പായത്തിന്റെ പിറവി. കട്ടിയുള്ള നീല കോട്ടൺ തുണികൊണ്ടുള്ള പ്രത്യേക ഷർട്ട്. മുട്ടിന് താഴെയെത്തുന്ന പത്താം നമ്പർ തോർത്ത്, തലയിൽ പാളത്തൊപ്പി, ഇതായി പെരളത്തെ ഓരോ കർഷകന്റെയും വേഷം. കുപ്പായത്തിനെ അവർ 'പണി ബനിയൻ' എന്ന് വിളിച്ചു. ചുമലിന്റെ ഭാഗത്ത് ഇരട്ടത്തുണി തുന്നിച്ചേർക്കും. ഭാരം ചുമക്കുമ്പോൾ കീറാതിരിക്കാനാണിത്. വലിയ കീശകളിൽ മുറുക്കാനും പണവും സൂക്ഷിക്കാം. ഈ കുപ്പായത്തിൽ ചെളിപുരണ്ടാൽ പെട്ടെന്ന് മനസ്സിലാകില്ല. മാറിമാറി വരുന്ന കാലാവസ്ഥക്ക് അനുയോജ്യം. 1960-1980 കാലങ്ങളിൽ ധാരാളം പേർ ഈ വസ്ത്രം ധരിച്ചിരുന്നു. പിന്നീട് ഓരോരുത്തരായി കാർഷിക വൃത്തിയിൽ നിന്ന് അകന്നപ്പോൾ വസ്ത്രവും മാറി. പയ്യന്നൂരിലെയും കരിവെള്ളൂരിലെയും കടകളിൽ നീലക്കുപ്പായക്കാർക്കായി പ്രത്യേകം തുണികൾ സ്റ്റോക്ക് ചെയ്തിരുന്നു. ഇവർക്ക് വിശേഷദിവസങ്ങളിലും ആഘോഷങ്ങളിലും ബന്ധുക്കൾ സമ്മാനമായി നൽകിയത് നീലക്കുപ്പായവും പത്താം നമ്പർ മുണ്ടുമായിരുന്നു. ഇനി 15ൽ താഴെ മാത്രമാണ് നീലക്കുപ്പായക്കാരുള്ളത്. എല്ലാവരും 75 വയസ് കഴിഞ്ഞവർ. പത്തും പതിനാലും വയസുമുതൽ കാർഷിക വൃത്തി ചെയ്യുന്നവരാണവർ.
ദൂരയാത്രകൾക്ക് മാത്രം വെള്ളക്കുപ്പായവും മുണ്ടും. ബാക്കി എല്ലാ സമയവും നീലക്കുപ്പായം തന്നെ. സമീപ ദേശത്തൊക്കെ കല്യാണത്തിനും മറ്റും പോകുമ്പോഴും നീലക്കുപ്പായം ധരിക്കും.
കുതിരുകാരൻ നാരായണൻ