ഇരിട്ടി പഴയപാലത്തിൽ നിയന്ത്രണം ലംഘിച്ച് ഭാരവാഹനങ്ങൾ ടൂറിസ്റ്റ് ബസ് പുതിയ ക്രോസ്ബാർ ഇടിച്ച് തകർത്തു

Thursday 01 January 2026 10:13 PM IST

ഇരിട്ടി :ഇരിട്ടി പഴയ പാലത്തിൽ പുതുതായി നിർമ്മിച്ച ക്രോസ്ബാർ ടൂറിസ്റ്റ് ബസ് ഇടിച്ച് തകർത്തു. പഴയ പാലത്തിലേക്ക് അമിതഭാരവും ഉയരക്കൂടുതലുമുള്ള വാഹനങ്ങൾ കടക്കുന്നത് തടയുന്നതിനായി നിർമ്മിച്ച ക്രോസ്ബാറാണ് തകർത്തത്. രണ്ടു ദിവസം മുമ്പ് അജ്ഞാത വാഹനമിടിച്ച് ക്രോസ്ബാറിലെ ഇരുമ്പ് ബീം വളഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ടൂറിസ്റ്റ് ബസ് ക്രോസ്ബാർ പൂർണ്ണമായി തകർന്നത്.

നേരത്തെ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ചുകയറി കൈവരികൾ തകർത്തതിനെ തുടർന്ന് രണ്ടുമാസം എടുത്താണ് അറ്റകുറ്റപണികൾ പൂർത്തിയാക്കി ക്രോസ്ബാറോടെ പാലം തുറന്നുകൊടുത്തത്. ഇരിട്ടി പട്ടണത്തിൽ ഗതാഗത കുരുക്ക് രൂക്ഷമായതിനെ തുടർന്നാണ് പാലം തുറന്നുകൊടുത്തത്. ഉളിക്കൽ, തളിപ്പറമ്പ് എന്നി മേഖലകളിലേക്ക് പോകുന്ന വാഹനങ്ങളാണ് പഴയ പാലത്തിലൂടെ പോകുന്നത്. രാത്രിയിൽ അമിത വേഗതയിൽ വരുന്ന വാഹനങ്ങൾ ഇടിച്ച് കയറുന്നതാണ് ഇവിടത്തെ പ്രധാന പ്രശ്നം. ഡ്രൈവർമാർക്കായി മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്ന് ആവശ്യം ഉയർന്നിട്ടും അധികൃതർ ഒരു നടപടിയും സ്ഥികരിച്ചിരുന്നില്ല

ബ്രീട്ടീഷുകാർ നിർമ്മിച്ച പഴയപാലത്തിന് പകരം പുതിയപാലം നിർമ്മിച്ചെങ്കിലും ചരിത്രസ്മാരകമായിട്ട് സംരക്ഷിക്കാനായിരുന്നു അധികൃതരുടെ തീരുമാനം എന്നാൽ അമിതവേഗതയും അശ്രദ്ധമായ ഡ്രൈവിംഗും പാലത്തിന്റെ നിലനിൽപ്പിന് തന്നെ ഭീഷണിയായിരിക്കുകയാണ്.