കുരുമുളകിനും ശനിദശ

Friday 02 January 2026 12:30 AM IST

കല്ലറ: മലയോര മേഖലകളിൽ കുരുമുളക് കൃഷിയ്ക്കും കഷ്ടക്കാലം. റബറിന് വില ഇടിഞ്ഞപ്പോൾ അത് വെട്ടിമാറ്റി കുരുമുളക് കൃഷി തുടങ്ങിയിരുന്നു. എന്നാൽ ഇതും നഷ്ടക്കച്ചവടമായ അവസ്ഥയാണ്. കുരുമുളക് വിളവെടുപ്പ് തുടങ്ങിയെങ്കിലും കർഷകർക്ക് മനം തകർന്ന അവസ്ഥയാണ്. ഇത്തവണ ഉത്പാദനം പകുതിയോളം കുറഞ്ഞിട്ടുണ്ട്. ഒരു ചെടിയിൽ നിന്നുള്ള കുരുമുളക് ഉണക്കിയെടുക്കുമ്പോൾ ഒന്നരക്കിലോഗ്രാം ലഭിച്ചിരുന്നത് ഇത്തവണ ഒരു കിലോഗ്രാമായെന്നാണ് കർഷകർ പറയുന്നത്. കുരുമുളക് തിരിയിടുന്ന സമയത്ത് മഴലഭിച്ചത് അനുഗ്രഹമായെങ്കിലും പിന്നീട് മഴ ലഭിക്കാതിരുന്നതാണ് തിരിച്ചടിയായത്. ചെടികളിൽ നന്നായി തിരിയിട്ടെങ്കിലും മഴക്കുറവ് കാരണം മിക്ക തിരികളും കൊഴിഞ്ഞു പോയി. കഴിഞ്ഞവർഷം കുരുമുളക് തിരിയിടുന്ന സമയത്ത് മഴ ലഭിക്കാതിരുന്നത് ഉത്പാദനത്തെ ബാധിച്ചിരുന്നു. തുടർച്ചയായ വർഷങ്ങളിൽ കാലാവസ്ഥാ മാറ്റത്തെത്തുടർന്ന് ഉത്പാദനം കുറയുന്നത് കർഷകരെ ആശങ്കയിലാക്കുന്നുണ്ട്. ഉത്പാദനക്കുറവിന് പുറമേ കൂലി കൂടിയതും കർഷകർക്ക് തിരിച്ചടിയാണ്. കഴിഞ്ഞവർഷം 700 രൂപയായിരുന്നത് ഈവർഷം 800 രൂപയായി. എന്നാൽ അതിനുപോലും ആളെ കിട്ടാതെ പങ്കിന് കുരുമുളക് പറിക്കാൻ കരാർ കൊടുക്കുകയാണ്. കിട്ടുന്നതിന്റെ പകുതി കർഷകനും പകുതി പണിക്കാരനും. കുരുമുളകുചെടിയുടെ ചുവടുകൾ കാട്ടുപന്നികൾ കുത്തിമറിക്കുന്നതും കർഷകർക്ക് വെല്ലുവിളിയാകുന്നുണ്ട്.

ഒരു കിലോഗ്രാം കുരുമുളകിന് 650 രൂപയാണ് വില.