അങ്കണവാടി കെട്ടിടവും സ്ഥലവും പഞ്ചായത്തിന് കൈമാറി

Friday 02 January 2026 3:58 AM IST

ഹരിപ്പാട്: അങ്കണവാടി സ്ഥിതിചെയ്യുന്ന കെട്ടിടവും, 10 സെന്റ് സ്ഥലവും ഉടമ സുബ്രഹ്മണ്യൻ കൃഷ്ണൻ കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്തിന് കൈമാറി. ഉടമസ്ഥതാവകാശം പഞ്ചായത്തിന് നൽകുന്നതിനുള്ള സമ്മതപത്രം സുബ്രഹ്മണ്യൻ കൃഷ്ണൻ, 2024 ഡിസംബർ 6ന്, പഞ്ചായത്തിന് നൽകിയിരുന്നു. എന്നാൽ നിയമപരമായ നടപടികൾ പൂർത്തിയാക്കി കഴിഞ്ഞ 30നാണ് ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ,നടന്ന ചടങ്ങിൽ സുബ്രഹ്മണ്യൻ വസ്തുവിന്റെ ആധാരം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷാമിലയ്ക്ക് കൈമാറിയത്. ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ മുൻ പ്രസിഡന്റും റോട്ടറിയുടെ മുൻ അസിസ്റ്റന്റ് ഗവർണറുമായ, റജി ജോണിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രോജക്ട് ഡയറക്ടർ പ്രൊഫ. ശബരിനാഥ് പദ്ധതി വിശദീകരണം നടത്തി. ബ്ലോക്ക് മെമ്പർ ആർ.റോഷൻ, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വിനീത, വാർഡ് മെമ്പർ സിനി അനിൽ എന്നിവർ സുബ്രഹ്മണ്യൻ കൃഷ്ണനെ അഭിനന്ദിച്ചു. ഹരിപ്പാട് റോട്ടറി ക്ലബ്ബ് മുൻ സെക്രട്ടറി സൂസൻ കോശി നന്ദി പറഞ്ഞു. ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ജിജു എസ്, ജയൻ പണിക്കർ, മുൻ വാർഡ് മെമ്പർ ചെല്ലപ്പൻ, ഹരിപ്പാട് റോട്ടറി ക്ലബ്ബിന്റെ സെക്രട്ടറി സുനിൽ ദേവാനന്ദ്, മെമ്പർ സുജാത ശബരിനാഥ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഹരിപ്പാട് റോട്ടറി ക്ലബ്ബും, ബാംഗ്ലൂർ ഇന്ദിരാ നഗർ റോട്ടറി ക്ലബ്ബും സംയുക്തമായി നടത്തി വരുന്ന 'ഹാപ്പി സ്‌കൂൾ പദ്ധതി' തുടരാനുള്ള സന്നദ്ധതയും അറിയിച്ചു.