ആറ്റുകാൽ പൊങ്കാല മുന്നൊരുക്കം, തട്ടിക്കൂട്ട് പണി നടത്തിയാൽ ബില്ല് പാസാക്കില്ല: മേയർ
മേയറുടെ അദ്ധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ദിവസങ്ങൾ ബാക്കിനിൽക്കെ,തട്ടിക്കൂട്ട് പണി നടത്തി ബില്ലുകൾ മാറാൻ ശ്രമിക്കരുതെന്നും അത് നടക്കില്ലെന്നും മേയർ വി.വി.രാജേഷ് പറഞ്ഞു. മേയറുടെ അദ്ധ്യക്ഷതയിൽ കോർപ്പറേഷൻ ഓഫീസിൽ നടന്ന പൊങ്കാല അവലോകനയോഗത്തിലാണ് മേയർ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയത്.
പലയിടങ്ങളിലും പൊങ്കാലയ്ക്ക് തലേദിവസം ടാർ ചെയ്യുന്നത് പതിവാണ്.അപ്പോൾ പൊങ്കാലയ്ക്ക് വരുന്നവരുടെ വസ്ത്രത്തിൽ ടാർ ഒട്ടിപ്പിടിക്കുന്ന സ്ഥിതിയുണ്ട്.ഈ സാഹചര്യം ഇക്കുറി പാടില്ലെന്നും മേയർ പറഞ്ഞു.
കഴിഞ്ഞ തവണ ചെയ്ത ജോലികളുടെ ബില്ല് ഇനിയും പാസാക്കി പണം നൽകിയിട്ടില്ലെന്ന് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർ യോഗത്തിൽ പറഞ്ഞു.ബില്ല് സർക്കാരിന് കൈമാറിയെന്നായിരുന്നു കളക്ട്രറേറ്റിലെ ഉദ്യോഗസ്ഥരുടെ മറുപടി. പൊങ്കാലയ്ക്ക് മുൻപ് കഴിഞ്ഞ വർഷത്തെ പണം നൽകുമോയെന്ന് മേയർ വി.വി.രാജേഷ് ചോദിച്ചെങ്കിലും കൃത്യമായ മറുപടിയുണ്ടായില്ല.
മരാമത്ത് വർക്കുകൾ,കുടിവെള്ള പ്രശ്‌നം,വാഹന പാർക്കിംഗ് സൗകര്യങ്ങൾ,സ്വീവറേജ് സംവിധാനങ്ങൾ,ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട് നടത്തേണ്ട പ്രവർത്തനങ്ങൾ,വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചുകൊണ്ട് നടത്തേണ്ട പ്രവർത്തനങ്ങൾക്കുള്ള എസ്റ്റിമേറ്റ് ഒരാഴ്ചയ്ക്കുള്ളിൽ അതത് വകുപ്പുകൾ തയ്യാറാക്കി കളക്ടറേറ്റിൽ അനുമതിക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനിച്ചു.
ഡെപ്യൂട്ടി മേയർ ആശാനാഥ്.ജി.എസ്, ആറ്റുകാൽ ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി.ശോഭ,കോർപറേഷൻ സെക്രട്ടറി ജഹാംഗീർ.എസ്,ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ ദീപക് ധൻഖേർ,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ,കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.