കൈനകരിയിൽ കുടിവെള്ളക്ഷാമം

Thursday 01 January 2026 11:40 PM IST

കുട്ടനാട് : വേനൽ കടുത്തതോടെ കൈനകരിപഞ്ചായത്തിലെ 2,3,4,7,8 14 വാർഡുകളിലനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രസിഡന്റ് ധന്യ വിനോദിന്റെ നേതൃത്വത്തിൽ ഭരണസമിതി അംഗങ്ങൾ ചേർന്ന് കളക്ടർക്ക് നിവേദനം നല്കി. പ്രശ്നം രൂക്ഷമായ വാർഡുകളിൽ വള്ളത്തിലും മറ്റു വാഹനങ്ങളിലുമായി വെള്ളമെത്തിക്കുവാൻ നടപടി സ്വീകരിക്കണമെന്നാണാവശ്യം.

മുൻകാലങ്ങളിൽ കേരള വാട്ടർ അതോറിറ്റിയുടെ മുണ്ടയ്ക്കൽ ഓവർഹെഡ് വാട്ടർ ടാങ്കിൽ വെള്ളം മെത്തിച്ചശേഷം വിവിധ മാർഗ്ഗങ്ങളിലൂടെ വാർഡുകളിൽ എത്തിച്ചു നല്കുന്നതായിരുന്നു പതിവ്. എന്നാൽ പല സ്ഥലങ്ങളിലും പൈപ്പുകൾ പൊട്ടിക്കിടക്കുകയാണ്.

ഡിസംബർ മാസം പിന്നിട്ടതോടെ ഇവിടങ്ങളിൽ വരൾച്ച രൂക്ഷമായി. പേരിന് പോലും കുടിവെള്ളം ലഭ്യമല്ലാതെ വന്നതോടെ ജനം നട്ടം തിരിയുകയാണ്.