'ഫിറ്റായ" പൈലറ്റിനെ മണത്തുപിടിച്ചു
ഒട്ടാവ: മദ്യപിച്ച് 'ഫിറ്റ്" ആയി വിമാനം പറത്താനെത്തിയ എയർ ഇന്ത്യ പൈലറ്റിനെ ഡ്യൂട്ടി- ഫ്രീ സ്റ്റോറിലെ ജീവനക്കാരി മണത്തുകണ്ടുപിടിച്ചു. ഡിസംബർ 23ന് കാനഡയിലെ വാൻകൂവർ വിമാനത്താവളത്തിലായിരുന്നു സംഭവം. ഇന്നലെയാണ് സംഭവം പുറത്തറിഞ്ഞത്. കോലാഹലങ്ങൾക്കിടെ രണ്ടുമണിക്കൂറോളം യാത്രക്കാർ വിമാനത്താവളത്തിൽ കുടുങ്ങി.
വീയന്ന വഴി ഡൽഹിയിലേക്കുള്ള എ.ഐ 186 വിമാനം നിയന്ത്രിക്കേണ്ടിയിരുന്ന പൈലറ്റാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയത്. വിമാനത്താവളത്തിലെ ഡ്യൂട്ടി- ഫ്രീ സ്റ്റോറിലെത്തിയ പൈലറ്റിന് മദ്യത്തിന്റെ മണം അനുഭവപ്പെട്ടതോടെ ജീവനക്കാരി വിവരം അധികൃതരെ അറിയിച്ചെന്നാണ് റിപ്പോർട്ട്. വിമാനത്താവളത്തിലെ പ്രമോഷന്റെ ഭാഗമായ വൈൻ, പൈലറ്റ് കുടിക്കുന്നത് ജീവനക്കാരി കണ്ടെന്നും പറയപ്പെടുന്നു. ഏതായാലും ബ്രെത്തലൈസർ പരിശോധനയിൽ പൈലറ്റ് പരാജയപ്പെട്ടു. അധികൃതർ ഇയാളെ കസ്റ്റഡിയിലെടുത്തു. ജോലിക്ക് 'ഫിറ്റായ" മറ്റൊരു പൈലറ്റിനെ തരപ്പെടുത്തിയ ശേഷമാണ് വിമാനം പുറപ്പെട്ടത്.
സംഭവത്തിൽ എയർ ഇന്ത്യ അന്വേഷണമാരംഭിച്ചു. സുരക്ഷാ വീഴ്ച വരുത്തിയ പൈലറ്റിനെ ജോലിയിൽ നിന്ന് മാറ്റിനിറുത്തിയെന്നും അറിയിച്ചു. ഡയറക്‌ടറേറ്റ് ജനറൽ ഒഫ് സിവിൽ ഏവിയേഷനും (ഡി.ജി.സി.എ) അന്വേഷണം തുടങ്ങി.