ആദ്യ വന്ദേഭാരത് സ്ളീപ്പർ ട്രെയിൻ കൊൽക്കത്ത-ഗുവാഹത്തി റൂട്ടിൽ പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

Friday 02 January 2026 12:59 AM IST

ന്യൂഡൽഹി: രാജ്യത്ത് വൻ ഹിറ്റായ വന്ദേഭാരത് പകൽ ട്രെയിനുകൾക്ക് പിന്നാലെ രാത്രികാല യാത്രയ്‌ക്കുള്ള വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകളും സർവീസ് ആരംഭിക്കുന്നു. ആദ്യ സ്ളീപ്പർ ട്രെയിൻ ഗുവാഹത്തി-കൊൽക്കത്ത റൂട്ടിൽ ഓടിത്തുടങ്ങും. ഇക്കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളിനെയും അസാമിനെയും ബന്ധിപ്പിക്കുന്ന ട്രെയിനിന്റെ ഫ്ലാഗ് ഓഫ് കർമ്മം പ്രധാനമന്ത്രി നരേന്ദ്രമോദി നിർവ്വഹിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. തീയതി പിന്നീട് പ്രഖ്യാപിക്കും. പരീക്ഷണ യാത്രകളും സർട്ടിഫിക്കേഷനും പൂർത്തിയായതിന് പിന്നാലെയാണ് ആദ്യ റൂട്ട് തീരുമാനിച്ചത്.

180 കി.മീ. വേഗത

മണിക്കൂറിൽ 180 കിലോമീറ്റർ വേഗതയിൽ പായും

11 ത്രീ-ടയർ എ.സി, 4 ടു-ടയർ എ.സി, ഒരു ഫസ്റ്റ് എ.സി അടക്കം 16 കോച്ചുകൾ

 823 യാത്രക്കാരെ വഹിക്കാനാകും

 പ്രത്യേകം രൂപകൽപ്പന ചെയ്ത ബെർത്തുകൾ, വെസ്റ്റിബ്യൂളുകളുള്ള ഓട്ടോമാറ്റിക്

വാതിലുകൾ, മികച്ച സസ്പെൻഷൻ എന്നിവ മികച്ച യാത്രാ സുഖം ഉറപ്പാക്കുന്നു

 സുരക്ഷയ്‌ക്കായി കവച് സംവിധാനം

ആദ്യ ബുള്ളറ്റ് ട്രെയിൻ 2027 ആഗസ്റ്റ് 15 ന്

ന്യൂഡൽഹി: മുംബയ്-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽ ഇടനാഴിയിലൂടെ ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിൻ 2027ലെ സ്വാതന്ത്ര്യ ദിനത്തിൽ യാത്ര തുടങ്ങുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്‌ണവ്. ഗുജറാത്തിലെ സൂററ്റ്-വാപി 100 ​​കിലോമീറ്റർ റൂട്ടിലാണ് ആദ്യ ഘട്ടത്തിൽ ട്രെയിൻ ഒാടുക. വാപ്പി-അഹമ്മദാബാദ്, താനെ-അഹമ്മദാബാദ്, മുംബയ്-അഹമ്മദാബാദ് എന്നിങ്ങനെ ഘട്ടം ഘട്ടമായി ബാക്കി റൂട്ടുകൾ പ്രവർത്തനം തുടങ്ങും. സൂററ്റ്-ബിലിമോറ റൂട്ടിലെ 50 കിലോമീറ്റർ ദൂരം 2026 ഡിസംബറിൽ പൂർത്തിയാകും.

അഹമ്മദാബാദിലെ സബർമതി മുതൽ മുംബയ് വരെ 508 കിലോമീറ്റർ ദൈർഘ്യമുള്ള അതിവേഗ റെയിൽ ഇടനാഴിയിലൂടെ മണിക്കൂറിൽ 320 കിലോമീറ്റർ വേഗതയിൽ ഓടുന്ന ട്രെയിനുകളാണ് സർവീസ് നടത്തുക. 2017-ൽ ശിലാസ്ഥാപനം നടത്തിയ പദ്ധതിയുടെ ആദ്യഘട്ടം 2023 ഡിസംബറിൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ടെങ്കിലും ഭൂമി ഏറ്റെടുക്കൽ അടക്കം വെല്ലുവിളികൾ തടസമായി.

വന്ദേഭാരത് സ്ളീപ്പർ ട്രെയിനുകൾ ബിസിനസ് യാത്രക്കാർക്ക് ഏറെ പ്രയോജനപ്പെടും. പ്രധാന നഗരങ്ങൾക്കിടെ വേഗമേറിയ,​ സുരക്ഷിതമായ രാത്രിയാത്ര ആഗ്രഹിക്കുന്നവർക്കും പ്രയോജനപ്പെടും

- അശ്വിനി വൈഷ്‌ണവ്

റെയിൽവേ മന്ത്രി