മലിനജല ദുരന്തം; മദ്ധ്യപ്രദേശിൽ 13 പേർക്ക് ദാരുണാന്ത്യം

Friday 02 January 2026 12:11 AM IST

ഭോപ്പാൽ: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്നറിയപ്പെടുന്ന മദ്ധ്യപ്രദേശിലെ ഇൻഡോറിൽ മാലിന്യം കലർന്ന വെള്ളം കുടിച്ച് ആറു മാസം പ്രായമായ കുഞ്ഞുൾപ്പെടെ 13 പേർക്ക് ദാരുണാന്ത്യം. 169 പേർ ചികിത്സയിലാണ്. എട്ട് നവജാത ശിശുക്കളടക്കം ഗുരുതരാവസ്ഥയിൽ. ഒരാഴ്ച മുമ്പാണ് ഇൻഡോറിലെ ഭഗീരഥപുരയിൽ വയറിളക്കവും ഛർദ്ദിയും ബാധിച്ച നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ബുധനാഴ്ച മൂന്ന് പേർ മരിച്ചു. ഇന്നലെ ചികിത്സയിലിരുന്ന പത്ത് പേർ കൂടി മരണത്തിനുകീഴടങ്ങി. സംഭവം വിവാദമായതോടെ സർക്കാർ അന്വേഷണം ആരംഭിച്ചു. മദ്ധ്യപ്രദേശ് ഹൈക്കോടതി റിപ്പോർട്ട് തേടി. സംഭവത്തെ തുടർന്ന് ജലവിതരണ അസിസ്റ്റന്റ് എൻജിനിയർ, സബ് എൻജിനിയർ, സോണൽ ഓഫീസർ എന്നിവരെ സസ്‌പെൻഡ് ചെയ്തതതായി അധികൃതർ അറിയിച്ചു. സുഖം പ്രാപിച്ച 50 പേരെ ഡിസ്ചാർജ് ചെയ്തു.

ടോയ്‌ലെറ്റിൽ

നിന്നുള്ള വെള്ളം

നഗരത്തിലെ ടോയ്ലെറ്റിൽ നിന്നുള്ള മലിനജലമാണ് കുടിവെള്ള പൈപ്പിൽ കലർന്നതെന്ന് ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ അറിയിച്ചു. കുടിവെള്ള പൈപ്പ് ലൈനിന് മുകളിലൂടെ വേണ്ട സുരക്ഷാ സംവിധാനങ്ങളില്ലാതെയാണ് ടോയ്‌ലെറ്ര് നിർമ്മിച്ചിരുന്നത്. കൂടാതെ പൈപ്പ് ലൈനിന്റെ പല ഭാഗങ്ങളിലും ചോർച്ചയുണ്ടായിരുന്നതും കുടിവെള്ളത്തിൽ വലിയ അളവിൽ മലിനജലം കലരുന്നതിന് കാരണമായി. പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ കമ്മിഷണർ ദിലീപ് കുമാർ പറഞ്ഞു.

രണ്ട് ലക്ഷം രൂപ

വീതം നൽകും

സംഭവസ്ഥലം സന്ദർശിച്ച മുഖ്യമന്ത്രി മോഹൻ യാദവ് മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ചു. നിലവിൽ ടാങ്കറുകൾ വഴി സ്ഥലത്ത് കുടിവെള്ളം വിതരണം ചെയ്യുന്നുണ്ടെന്നും 40,000 പേരെ പരിശോധിച്ചതായും പറഞ്ഞു. അതിനിടെ ഉദ്യോഗസ്ഥരുടെ വീഴ്ച മദ്ധ്യപ്രദേശ് നഗരവികസന, ഭവന മന്ത്രി കൈലാഷ് വിജയവർഗിയ സമ്മതിച്ചു, ഉത്തരവാദിത്വപ്പെട്ടവർക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞു.