മധ്യവയസ്‌കന്റെ കൊലപാതകം; ബന്ധുവായ യുവാവ് അറസ്റ്റിൽ
Friday 02 January 2026 2:17 AM IST
കമ്പളക്കാട്: മധ്യവയസ്‌കന്റെ കൊലപാതകം ബന്ധുവായ യുവാവ് അറസ്റ്റിൽ. എച്ചോം കുറുമ്പാലക്കോട്ട കരടികുഴി ഉന്നതിയിലെ കേശവൻ (50) കൊല്ലപ്പെട്ട കേസിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. കേശവന്റെ ബന്ധുവായ വി. ജ്യോതിഷ് (38) നെയാണ് കമ്പളക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹരിയിൽ കേശവനെ പട്ടിക കൊണ്ട് അടിക്കുകയായിരുന്നു. ഡിസംബർ 31ന് രാത്രിയാണ് കേശവൻ കൊല്ലപ്പെട്ടത്. വ്യക്തി വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ജ്യോതിഷിന്റെ അമ്മയുടെ സ്ഥലത്ത് കേശവൻ വീട് വെച്ച വിരോധത്തിലുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. കമ്പളക്കാട് ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ എം.എ. സന്തോഷ്, എസ്.ഐ റോയ്, ഡ്രൈവർ എസ്.ഐ. റോബർട് ജോൺ, എസ്.സി.പി.ഒ പ്രസാദ് , സിപി.ഒമാരായ ശിഹാബ്, സുനീഷ് എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.