സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

Friday 02 January 2026 2:41 AM IST

മാന്നാർ: പുതുവത്സര ദിനാഘോഷത്തിൽ പങ്കെടുത്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പൊലീസ് മർദ്ദിച്ചെന്ന് പരാതി. സി.പി.എം ചെന്നിത്തല ഇരമത്തൂർ ബ്രാഞ്ച് സെക്രട്ടറിയും ഡി.വൈ.എഫ്.ഐ മാന്നാർ ബ്ലോക്ക് കമ്മിറ്റിയംഗവുമായ കൂടാരത്തിൽ സുകുവിനാണ് (42) മാന്നാർ പൊലീസ് സംഘത്തിന്റെ മർദ്ദനമേറ്റത്.

സുകുവിന്റെ കുടുംബം മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ജില്ല പൊലീസ് മേധാവി എന്നിവർക്ക് പരാതി നൽകി.

ബുധനാഴ്ച രാത്രി 12.30യോടടുത്ത് മാന്നാർ സ്റ്റോർ ജംഗ്ഷന് കിഴക്ക് സ്വകാര്യ വ്യക്തിയുടെ ലോഡ്ജിന് മുകളിലെത്തെ ഓപ്പൺ ടെറസിൽ പുതുവർഷം ആഘോഷിക്കാൻ 50​ഓളം കുടുംബങ്ങൾ ഒത്തുകൂടിയിരുന്നു. ഇതിനിടെ സ്റ്റോർ ജംഗ്ഷന് സമീപം ഏതാനും വ്യക്തികൾ തമ്മിൽ കലഹമുണ്ടായതറിഞ്ഞെത്തിയ പൊലീസ് സംഘം ലോഡ്ജിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ അടക്കം അസഭ്യം പറയുകയും ആളുകളെ പിടിച്ച് തള്ളുകയും ചെയ്തതായി പരാതിയിൽ പറയുന്നു.

പൊലീസിനെതിരെ പ്രതിഷേധിച്ച സുകുവിനെ ക്രൂരമായി മർദ്ദിച്ചതായും സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും പൊതുപ്രവർത്തകനുമാണെന്ന് അറിയിച്ചിട്ടുപോലും മർദ്ദനം നിർത്താൻ പൊലീസ് തയ്യാറായില്ലെന്നും സുകു ആരോപിച്ചു. തലയ്ക്കും ചെവിക്കും പരിക്കേറ്റിട്ടുണ്ട്. ലാത്തി ഉപയോഗിച്ച് ഇരുകാലിനും കൈയ്ക്കും പുറത്തും അടിച്ച് പരിക്കുകളേറ്റ സുകുവിനെ മാവേലിക്കര ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.. വെൽഡിംഗ്, അലൂമിനിയം ഫാബ്രിക്കഷൻ തുടങ്ങിയ ജോലികൾ ചെയ്ത് ഉപജീവനം നടത്തുന്ന സുകുവിന് ജോലിക്ക് പോകുവാൻ പറ്റാത്ത നിലയിലാണ്. സംഭവത്തിൽ സി.പി.എം തൃപ്പെരുന്തുറ ലോക്കൽ കമ്മിറ്റി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റികൾ പ്രതിഷേധിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി ടി.എ.സുധാകരക്കുറുപ്പ് ആവശ്യപ്പെട്ടു.