പുതുവർഷത്തിൽ ഇലക്ഷൻ കാഹളം; കേരളമടക്കം അഞ്ചിടത്ത് നിയമസഭ തിരഞ്ഞെടുപ്പ്

Friday 02 January 2026 12:44 AM IST

ന്യൂഡൽഹി: പുതുവർഷം പിറന്നതോടെ കേരളമടക്കം അഞ്ചിടത്ത് നിയമസഭാ തിരഞ്ഞെടുപ്പിനും കേളികൊട്ട് ഉയർന്നു. കേരളത്തിന് പുറമേ, പശ്‌ചിമ ബംഗാൾ, തമിഴ്നാട്, അസാം, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഏപ്രിൽ, മേയ് മാസങ്ങളിലായി തിരഞ്ഞെടുപ്പ് നടക്കുക. ഫെബ്രുവരിയിലോ മാർച്ചിലോ തീയതി പ്രഖ്യാപനമുണ്ടായേക്കാം. ബീഹാറിൽ തുടക്കമിട്ട തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം പശ്ചിമ ബംഗാൾ, അസാം തിരഞ്ഞെടുപ്പുകളിൽ നിർണായമാകും. മുന്നണി രാഷ്‌ട്രീയത്തെ അപ്രസക്തമാക്കി കുടുംബ സമവാക്യങ്ങളുമായി ജനുവരി 15ന് നടക്കുന്ന മഹാരാഷ്‌ട്ര കോർപ്പറേഷൻ തിരഞ്ഞെടുപ്പും ദേശീയതലത്തിൽ ശ്രദ്ധനേടും.

കേരളത്തിൽ ഹാട്രിക് ഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണിക്കും അധികാരത്തിൽ തിരിച്ചുവരാൻ ശ്രമിക്കുന്ന കോൺഗ്രസിനും വെല്ലുവിളിയായി ബി.ജെ.പിയുമുണ്ട്. ത്രികോണ പോരാകും കേരളത്തിൽ. ഭരണകക്ഷിയായ ഡി.എം.കെയ്ക്ക് വെല്ലുവിളിയായി നടൻ വിജയ്‌‌യുടെ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ) തിരഞ്ഞെടുപ്പ് അരങ്ങേറ്റം തമിഴ്‌നാടിനെ ശ്രദ്ധേയമാക്കും. ചതുഷ്‌കോണ മത്സരത്തിന് അരങ്ങൊരുക്കി അണ്ണാ ഡി.എം.കെയും ബി.ജെ.പിയും രംഗത്തുണ്ട്.

അസാമിൽ ഹാട്രിക് ഭരണ ലക്ഷ്യവുമായാണ് ബി.ജെ.പി പോരാട്ടം. തിരിച്ചുവരവിനായി കോൺഗ്രസും ആഞ്ഞുപിടിക്കുന്നുണ്ട്. പുതുച്ചേരിയിൽ ഭരണകക്ഷിയായ അഖിലേന്ത്യ എൻ.ആർ കോൺഗ്രസ് (എ.എൻ.ആർ.സി) -ബി.ജെ.പി സഖ്യവും കോൺഗ്രസും നേർക്കുനേർ പോരാടും.

ബംഗാളിൽ തീപാറും

2011 മുതൽ ഭരണത്തിലുള്ള മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് പശ്ചിമ ബംഗാളിൽ നാലാമൂഴത്തിനുള്ള ശ്രമത്തിലാണ്. 2014ൽ നരേന്ദ്രമോദി സർക്കാർ കേന്ദ്രത്തിൽ അധികാരത്തിലേറിയപ്പോൾ മുതൽ ബി.ജെ.പിയുടെ കണ്ണ് പശ്ചിമ ബംഗാളിലുണ്ട്. 34 വർഷം സംസ്ഥാനം ഭരിച്ചിട്ടും തൃണമൂൽ ജൈത്രയാത്രയിൽ പിന്നാക്കം പോയ സി.പി.എം കോൺഗ്രസുമായി കൂട്ടുകൂടിയാകും ഇക്കുറിയും മത്സരിക്കുക.

മഹാരാഷ്ട്രയിൽ

'കുടുംബ' കൂട്ടുകെട്ട്

1.മഹാരാഷ്‌ട്രയിലെ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ പ്രതിപക്ഷ മഹാവികാസ് അഘാഡി മുന്നണിയിലുള്ള ശിവസേനയിലെ ഉദ്ധവ് താക്കറെയും പിതൃസഹോദര പുത്രൻ രാജ് താക്കറെയുടെ മഹാനിർമ്മാൺ സേനയും (എം.എൻ.എസ്) കൈകോർക്കുന്നു

2.ഉപമുഖ്യമന്ത്രി അജിത് പവാർ (എൻ.സി.പി) അമ്മാവൻ ശരത് പവാറിന്റെ പാർട്ടിയായ പ്രതിപക്ഷത്തെ എൻ.സി.പിയുമായി (ശരത് പവാർ) സഖ്യത്തിൽ

3.ബി.ജെ.പിയും ഏക്‌നാഥ് ഷിൻഡെയുടെ ശിവസേനയും ഒന്നിച്ചും പ്രതിപക്ഷത്ത് കോൺഗ്രസ് ഒറ്റയ്‌ക്കും മത്സരിക്കുന്നു