ജമ്മു കാശ്മീരിലെ നിയന്ത്രണരേഖയിൽ പാക് ഡ്രോൺ

Friday 02 January 2026 12:47 AM IST

ശ്രീനഗർ: ജമ്മു കാശ്മീരിലെ പൂഞ്ചിൽ നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ ഡ്രോൺ കണ്ടെത്തിയതോടെ വ്യാപക പരിശോധന നടത്തി സുരക്ഷസേന. സ്‌ഫോടകവസ്തുക്കൾ, ആയുധങ്ങൾ, മയക്കുമരുന്ന് എന്നിവ അടങ്ങിയ പാക്കറ്റുകൾ മേഖലയിൽ കണ്ടെത്തിയതോടെയാണിത്. പൂഞ്ചിലെ ഖാദി കർമ്മദ പ്രദേശത്തെ ഇന്ത്യൻ വ്യോമാതിർത്തിയിലേക്ക് ഇന്നലെ പുലർച്ചയോടെയാണ് ഡ്രോണിന്റെ സാന്നിദ്ധ്യമുണ്ടായത്. അഞ്ച് മിനി​റ്റിലധികം നിയന്ത്രണരേഖയ്ക്കുള്ളിൽ തുടർന്നതിനുശേഷം പോയെന്നാണ് വിവരം. ഇതിനിടയിൽ ഐ.ഇ.ഡി, വെടിക്കോപ്പുകൾ, മയക്കുമരുന്നുകൾ എന്നിവ ഉൾപ്പെടുന്ന ചരക്കുകൾ വർഷിച്ചെന്നും സൂചനയുണ്ട്. ഇത് ഗുരുതരമായ സുരക്ഷാ ആശങ്കകൾ ഉയർത്തിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ സുരക്ഷാ സേനയും ജമ്മു കാശ്മീർ പൊലീസും ഖാദി കർമ്മഡിയിലും സമീപ പ്രദേശങ്ങളിൽ നിന്നും ഉപേക്ഷിച്ച വസ്തുക്കൾ കണ്ടെത്തി.

പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ജമ്മു കാശ്മീരിലുടനീളം സുരക്ഷാ നടപടികൾ ശക്തമാക്കിയിരിക്കെയാണ് സംഭവം. ഇതോടെ സുരക്ഷാസേന, ജമ്മു കാശ്മീരിലെ മ​റ്റുജില്ലകളിലും അതിർത്തി പ്രദേശങ്ങളും വനപ്രദേശങ്ങളിലും ഉൾപ്രദേശങ്ങളിലും നിരീക്ഷണം ശക്തമാക്കി. ദോഡ-കിഷ്ത്വാർ വനമേഖലയിൽ രണ്ട് ഭീകരവാദ ഗ്രൂപ്പുകളുടെ സാന്നിദ്ധ്യത്തെ തുടർന്ന് കെശ്വാൻ-ചത്രൂ താഴ്‌വരയിൽ സുരക്ഷാ സേന വളഞ്ഞ് തെരച്ചിൽ നടത്തിയിരുന്നു. ഭീകരരെ കണ്ടെത്തുന്നതിനായും പ്രദേശം നിരീക്ഷിക്കുന്നതിനായും സൈന്യം ഡ്രോണുകളും മറ്റ് ആകാശ നിരീക്ഷണ ഉപകരണങ്ങളും വിന്യസിച്ചിട്ടുണ്ട്.