ബർഗറിനെച്ചൊല്ലി സംഘർഷം: ഇരുകൂട്ടരെയും അറസ്റ്റ് ചെയ്യും

Friday 02 January 2026 4:47 AM IST

കൊച്ചി: ബർഗറിൽ ചിക്കൻ സ്ട്രിപ്പ് കുറഞ്ഞതിനെച്ചൊല്ലി എറണാകുളം നഗരത്തിലെ ഭക്ഷണശാലയിലുണ്ടായ അടിപിടിയിൽ പരാതിക്കാരായ ഇരുകൂട്ടരും അറസ്റ്റിലാകും. ബർഗർ കഴിക്കാനെത്തിയ വിദ്യാർത്ഥികളിൽ ഒരാളുടെ സഹോദരന്റെ നേതൃത്വത്തിൽ മർദ്ദിക്കുകയും മൊബൈൽ ഫോൺ തട്ടിയെടുക്കുകയും പൂട്ടിയിടുകയും ചെയ്തെന്ന് ഹോട്ടൽ മാനേജർ മുണ്ടംവേലി സ്വദേശി ജോഷ്വ (30) നൽകിയ പരാതിയിൽ കണ്ടാലറിയാവുന്ന നാലു പേരെ പ്രതിയാക്കി എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തിരുന്നു.

വാക്കേറ്റത്തിനിടെ ഹോട്ടൽ മാനേജർ കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന് തൃശൂർ കണ്ണിക്കുളങ്ങര സ്വദേശി മുഹമ്മദ് നസ്‌മൽ (28) നൽകിയ പരാതിയിലും കേസെ‌ടുത്തിട്ടുണ്ട്.

ജോഷ്വയുടെ പരാതിയിൽ മുഹമ്മദ് നസ്മലും, കത്തികാട്ടി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ജോഷ്വയും പ്രതികളാകുമെന്ന് പൊലീസ് അറിയിച്ചു. തിരിച്ചറിയാൻ സാധിക്കുന്ന പ്രതികൾ എന്നുമാത്രമാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്.

സംഭവത്തിന്റെ സി.സി ടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. ജോഷ്വയുടെ പരാതിയിൽ പ്രതികൾക്കെതിരെ ആറ് വകുപ്പുകൾ ചുമത്തി. കത്തി കാട്ടി ഭീഷണിപ്പെടുത്തിയതിനാണ് ജോഷ്വക്കെതിരായ കേസ്.

സംഭവത്തിന് ശേഷം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ജോഷ്വ ആശുപത്രി വിട്ട ശേഷം ഇരു കൂട്ടരെയും അറസ്റ്റ് ചെയ്യാനാണ് തീരുമാനം.