രാഹുലിനെ രാമനോടുപമിച്ചു, വിവാദമാക്കി ബി.ജെ.പി
ന്യൂഡൽഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ ശ്രീരാമനുമായി ഉപമിച്ച മഹാരാഷ്‌ട്ര കോൺഗ്രസ് നേതാവ് നാനാ പട്ടോളെയുടെ പ്രസ്‌താവന വിവാദത്തിൽ. പട്ടോലെ ഹിന്ദു വിശ്വാസത്തെ അപമാനിച്ചതായി ബി.ജെ.പി ആരോപിച്ചു. രാഹുൽ അയോദ്ധ്യയിലെ രാമക്ഷേത്രം സന്ദർശിക്കാത്തത് എന്തുകൊണ്ടെന്ന ചോദ്യത്തിന് മറുപടിയായാണ് പട്ടോളെയുടെ ഉപമ വന്നത്. രാഹുൽ ശ്രീരാമൻ ചെയ്ത അതേ പ്രവൃത്തിയാണ് ചെയ്യുന്നതെന്ന് പട്ടോളെ അഭിപ്രായപ്പെട്ടു. രാഹുൽ ദുർബലർക്കും അടിച്ചമർത്തപ്പെട്ടവർക്കുമായാണ് പ്രവർത്തിക്കുന്നത്. അദ്ദേഹം രാജ്യമെമ്പാടും സഞ്ചരിച്ച് ആളുകളെ മനസ്സിലാക്കാനും രാമന്റെ പ്രവൃത്തികൾ ചെയ്യാനും ശ്രമിക്കുകയാണ്. അദ്ദേഹത്തിന്റെ പിതാവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയാണ് അയോദ്ധ്യയിൽ രാം ലല്ലയുടെ ദർശനത്തിന് അവസരമൊരുക്കിയത്. അയോദ്ധ്യ സന്ദർശിക്കുമ്പോൾ രാഹുൽ പ്രാർത്ഥിക്കുമെന്നും പട്ടോളെ കൂട്ടിച്ചേർത്തു. ഹിന്ദു വിശ്വാസങ്ങളെ വ്രണപ്പെടുത്തിയ പട്ടോളെ മാപ്പുപറയണമെന്ന് ബി.ജെ.പി വക്താവ് സി.ആർ. കേശവൻ ആവശ്യപ്പെട്ടു.