ട്രെയിനിൽ പൊലീസുകാരനെ കുത്തിയ ആൾ പിടിയിൽ
കോട്ടയം: ടിക്കറ്റ് എടുക്കാത്തത് ചോദ്യം ചെയ്തതിന് ട്രെയിനിൽ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിപ്പരിക്കേൽപ്പിച്ച ക്രിമിനൽക്കേസ് പ്രതി പിടിയിൽ. പത്തനംതിട്ട കൊടുമൺ മുരളീ ഭവനത്തിൽ അനിൽകുമാറാണ് (56) അറസ്റ്റിലായത്. ഇയാൾ മദ്യലഹരിയിലായിരുന്നു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ സനൽകുമാറിനാണ് പരിക്കേറ്റത്. ബുധനാഴ്ച തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട മലബാർ എക്‌സ്‌പ്രസിൽ രാത്രി പത്തോടെ ചങ്ങനാശേരി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. സ്ലീപ്പർ കോച്ച് അഞ്ചിൽ ടിക്കറ്റില്ലാതെയായിരുന്നു അനിൽകുമാർ കയറിയത്. ടി.ടി.ആർ ഇത് ചോദ്യം ചെയ്യുകയും ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സനൽ കുമാറിനെ വിവരമറിക്കുകയുമായിരുന്നു. അടുത്ത സ്റ്റേഷനിൽ ഇറങ്ങണമെന്ന് അനിൽകുമാറിനോട് ആവശ്യപ്പെട്ടു. ഇതിൽ പ്രകോപിതനായാണ് പ്രതി അരയിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് സനൽകുമാറിന്റെ നെഞ്ചിന്റെ ഇടത് ഭാഗത്തായി കുത്തിയത്. ട്രെയിൻ കോട്ടയത്ത് എത്തിയപ്പോൾ കോട്ടയം റെയിൽവേ എസ്.എച്ച്.ഒ റെജി പി.ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി ഇയാളെ പിടികൂടുകയായിരുന്നു. സനൽകുമാറിന്റെ പരിക്ക് ഗുരുതരമല്ല.