ആരോഗ്യം ഉറപ്പാക്കുന്നതിൽ കേരളം ഒന്നാമത്: മുഖ്യമന്ത്രി
വൈബ് 4 വെൽനസ് ജനകീയ കാമ്പെയിന് തുടക്കം
തിരുവനന്തപുരം: ആരോഗ്യമുള്ള ജീവിതം ഉറപ്പാക്കുന്നതിൽ കേരളം രാജ്യത്ത് ഒന്നാമതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ആരോഗ്യവകുപ്പ് സംഘടിപ്പിച്ച 'ആരോഗ്യം ആനന്ദം- വൈബ് 4 വെൽനസ്" ജനകീയ കാമ്പെയിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ശിശുമരണ നിരക്ക്, മാതൃമരണ നിരക്ക് എന്നിവ കുറയ്ക്കുന്നതിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന അനവധി നേട്ടങ്ങൾ കേരളത്തിന് കൈവരിക്കാനായി. ആരോഗ്യകരമായ ഭക്ഷണം, വ്യായാമം, കൃത്യമായ ഉറക്കം, ആരോഗ്യ പരിപാലനം എന്നീ കാര്യങ്ങളിലാണ് കാമ്പെയിൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജനകീയ ആരോഗ്യ കേന്ദ്രങ്ങളിലും വ്യായാമ പരിശീലനം, ബോധവത്കരണ ക്ലാസുകൾ എന്നിവ സംഘടിപ്പിക്കും. ഇതിന്റെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രങ്ങളിലും പ്രധാന ആശുപത്രികളിലും പ്രത്യേക ആരോഗ്യ പരിശോധനാ ക്യാമ്പുകൾ നടത്തും. കായിക വിനോദങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സൗകര്യമൊരുക്കും. 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം" എന്ന പദ്ധതി 'ഒരു വാർഡിൽ ഒരു കളിക്കളം" എന്ന ലക്ഷ്യത്തിലേക്ക് വ്യാപിപ്പിക്കും. സൈക്ലിംഗ്, മാലിന്യ നിർമ്മാർജ്ജനം, ലഹരിവിരുദ്ധ പരിപാടികൾ എന്നിവയും നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കാമ്പെയിന്റെ വെബ്സൈറ്റും കായിക വകുപ്പ് സെൻട്രൽ സ്റ്റേഡിയത്തിൽ തയ്യാറാക്കിയ ഓപ്പൺ ജിമ്മും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു. മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു. മന്ത്രി വി.അബ്ദുറഹിമാൻ, എം.എൽ.എമാരായ ആന്റണി രാജു, വി.കെ.പ്രശാന്ത്, മേയർ വി.വി.രാജേഷ്, ആരോഗ്യ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി രാജൻ എൻ.ഖോബ്രഗഡെ, ആയുഷ് മിഷൻ കേരള സ്റ്റേറ്റ് ഡയറക്ടർ ഡോ. ഡി.സജിത് ബാബു, കായിക വകുപ്പ് ഡയറക്ടർ വിഷ്ണു രാജ് തുടങ്ങിയവർ പങ്കെടുത്തു.