ബംഗ്ലാദേശിൽ ഹിന്ദു വ്യാപാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം
ധാക്ക: ബംഗ്ലാദേശിൽ ഹിന്ദു വ്യാപാരിയെ തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമം. ബുധനാഴ്ച രാത്രി ഷരിയത്‌പ്പൂരിലായിരുന്നു സംഭവം. ഖോകോൻ ദാസ് (50) എന്നയാളാണ് ആക്രമിക്കപ്പെട്ടത്. മെഡിക്കൽ ഷോപ്പ് ഉടമയായ ദാസ് കട അടച്ച് ഓട്ടോറിക്ഷയിൽ വീട്ടിലേക്ക് മടങ്ങുംവഴി ഒരു സംഘം ആളുകൾ തടഞ്ഞുനിറുത്തി ആക്രമിക്കുകയായിരുന്നു.
വയറ്റിൽ കത്തിക്കൊണ്ട് കുത്തിയ ശേഷം ക്രൂരമായി മർദ്ദിച്ചു. തുടർന്ന് ദാസിന്റെ ശരീരത്തിൽ പെട്രോളൊഴിച്ച് തീ കൊളുത്തി. മുന്നിലേക്ക് ഓടിയ ദാസ് ഒരു കുളത്തിലേക്ക് ചാടുകയായിരുന്നു. ദാസിന്റെ നിലവിളികേട്ട പ്രദേശവാസികൾ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.
നിലവിൽ ധാക്ക മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ള ദാസിന്റെ നില ഗുരുതരമാണ്. ആക്രമണത്തിന് പിന്നിലുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് നാലാം തവണയാണ് ഹിന്ദു വിഭാഗക്കാരനെതിരെ രാജ്യത്ത് ആൾക്കൂട്ട ആക്രമണമുണ്ടാകുന്നത്.
മതനിന്ദ ആരോപിച്ച് ദീപു ചന്ദ്രദാസ്,ക്രിമിനൽ സംഘത്തലവനെന്ന് കാട്ടി അമൃത് മൊണ്ടാൽ എന്നീ യുവാക്കളെ ആൾക്കൂട്ടം മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം ബജേന്ദ്ര ബിശ്വാസ് എന്നയാളെ സഹപ്രവർത്തകൻ വെടിവച്ചു കൊന്നു. ബംഗ്ലാദേശിൽ മത ന്യൂനപക്ഷങ്ങൾക്ക് നേരെ തുടരുന്ന ആക്രമണങ്ങളെ അപലപിച്ച് പാശ്ചാത്യ രാജ്യങ്ങൾ അടക്കം രംഗത്തെത്തിയിരുന്നു.