സാമ്പത്തിക പ്രതിസന്ധി: ഇറാനിൽ ജനം തെരുവിൽ  3 മരണം

Friday 02 January 2026 7:26 AM IST

ടെഹ്‌റാൻ: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ഇറാനിൽ തെരുവിലിറങ്ങി ജനം. ഡിസംബർ 28ന് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭം ഇന്നലെ ആളിക്കത്തി. തെക്കൻ നഗരമായ ഫസായിൽ പ്രവിശ്യാ ഗവർണറുടെ ഓഫീസ് ആക്രമിക്കപ്പെട്ടു. പ്രക്ഷോഭകരുമായുള്ള ഏറ്റുമുട്ടലിനിടെ 21കാരനായ സുരക്ഷാ ഉദ്യോഗസ്ഥൻ അടക്കം 3 പേർ കൊല്ലപ്പെട്ടു.

ടെഹ്റാനിൽ വ്യാപാരി, വ്യവസായി സംഘടനകളുടെ നേതൃത്വത്തിൽ തുടങ്ങിയ പ്രതിഷേധങ്ങൾ യൂണിവേഴ്സിറ്റികളിലേക്ക് ആളിപ്പടരുകയായിരുന്നു. നിരവധി വിദ്യാർത്ഥികൾ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിക്കെതിരെ അടക്കം മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

ഇതോടെ പ്രക്ഷോഭങ്ങൾക്ക് ഭരണകൂടവിരുദ്ധ സ്വഭാവം കൈവന്നിട്ടുണ്ട്. അരക്,​ ഇസ്‌ഫഹാൻ,​ മഷാദ്,​ ഷിറാസ് തുടങ്ങിയ നഗരങ്ങളിലേക്ക് പ്രതിഷേധങ്ങൾ വ്യാപിച്ചിരിക്കുകയാണ്.

# പ്രക്ഷോഭത്തിന്റെ കാരണങ്ങൾ

 ഭക്ഷണ സാധനങ്ങൾക്ക് അടക്കം വിലക്കയറ്റം രൂക്ഷം. റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞു

 ഊർജ്ജ, ജല ക്ഷാമം

 അന്താരാഷ്ട്ര ഉപരോധങ്ങളുടെ ഫലമായി കടുത്ത സാമ്പത്തിക സമ്മർദ്ദങ്ങൾ

 രാഷ്ട്രീയക്കാരുടെ അഴിമതി. ഭരണകൂടത്തിന്റെ സ്വേച്ഛാധിപത്യ സ്വഭാവം