പുതിയ പരിഷ്കാരത്തിൽ ജനങ്ങൾക്ക് നേട്ടമില്ല, റെയിൽവെയുടെ തീരുമാനത്തിനെതിരെ എതിർപ്പ്, അവശ്യങ്ങൾ ഇങ്ങനെ
തിരുവനന്തപുരം: ജനുവരി ഒന്നുമുതൽ പ്രാബല്യത്തിൽ വന്ന പുതിയ റെയിൽവേ സമയക്രമം പ്രയോജനരഹിതമാണെന്ന് യാത്രക്കാരുടെ കൂട്ടായ്മയായ 'ഫ്രണ്ട്‌സ് ഓൺ റെയിൽസ്'. റെയിൽവേയുടെ ഈ പരിഷ്കാരം യാത്രക്കാർക്കോ, ജീവനക്കാർക്കോ, റെയിൽവേ വകുപ്പിനോ ഒരു തരത്തിലുള്ള നേട്ടവും നൽകുന്നില്ലെന്ന് സംഘടന ചൂണ്ടിക്കാട്ടി. ട്രെയിനുകൾ പുറപ്പെടുന്ന സമയത്തോ ലക്ഷ്യസ്ഥാനത്ത് എത്തുന്ന സമയത്തോ മാറ്റമില്ലാത്തതിനാൽ യാത്രക്കാർക്കും ജീവനക്കാർക്കും ഇതിന്റെ ഗുണം ലഭിക്കുന്നില്ല.യാത്രാദൈർഘ്യം കുറയാത്ത പക്ഷം റെയിൽവേയുടെ പ്രവർത്തനച്ചെലവ് കുറയ്ക്കാൻ സാധിക്കില്ല. ട്രാക്കുകളുടെ നവീകരണവും വേഗത വർദ്ധനവും സംബന്ധിച്ച അവകാശവാദങ്ങൾ പുതിയ സമയക്രമത്തിൽ പ്രതിഫലിക്കുന്നില്ലെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി ലിയോൺസ് ജെ കേരള കൗമുദി ഓൺലൈനിനോട് പറഞ്ഞു.
16303 വഞ്ചിനാടിന്റെ ആദ്യസ്റ്റേഷനായ എറണാകുളം ജംഗ്ഷനിലെയും അവസാന സ്റ്റേഷനായ തിരുവനന്തപുരം സെൻട്രലിലെയും സമയത്തിൽ മാത്രം മാറ്റം വരുത്തിയില്ല. ഡെസ്റ്റിനേഷൻ സ്റ്റേഷനോട് അടുക്കും തോറും അഞ്ചുമിനിറ്റ് വരെ ലാഭം ഉണ്ടായിരുന്നത് ചുരുങ്ങി ഇല്ലാതാവുകയാണ് ചെയ്യുന്നത്. അതുമൂലം ജനുവരി ഒന്നുമുതൽ വീടുകളിൽ നിന്ന് നേരത്തെ പുറപ്പെടേണ്ടി വരികയും എന്നാൽ ലക്ഷ്യത്തിൽ നേരത്തെ എത്താനും കഴിയില്ലെന്ന അവസ്ഥയാണ് യാത്രക്കാർക്ക് ഉണ്ടായത്. 16341 ഇന്റർസിറ്റി കടന്നുപോകാൻ പിടിച്ചിടുന്നതിലും മാറ്റം പുതിയ സമയക്രമത്തിൽ വരുന്നില്ല. ഇന്റർസിറ്റി വൈകും തോറും വഞ്ചിനാടിന്റെ സമയദോഷം കൂടിക്കോണ്ടിരിക്കും.
66322 കൊല്ലം എറണാകുളം മെമുവിന്റെ കോട്ടയം സമയത്തിൽ അഞ്ചുമിനിറ്റ് വ്യത്യാസം എറണാകുളം ജംഗ്ഷനിലെത്തുമ്പോൾ ഇല്ലാതാവുകയാണ്. അതിരാവിലെ സകല വീട്ടുജോലികളും പൂർത്തിയാക്കി ട്രെയിൻ പിടിക്കാൻ വീടുകളിൽ നിന്നും ഇറങ്ങിയോടുന്ന നിരവധി സ്ത്രീകളുണ്ട്. തൃപ്പൂണിത്തുറയിൽ പോലും അഞ്ചുമിനിറ്റ് നേരത്തെ എത്തിക്കാതെ എന്തിനാണ് ഇങ്ങനെയൊരു മാറ്റം എന്ന ചോദ്യത്തിന് റെയിൽവേ മറുപടി പറയണം. നിലവിൽ 10 മിനിറ്റിലേറെ എറണാകുളം ജംഗ്ഷൻ ഔട്ടറിൽ പ്ലാറ്റ് ഫോം ലഭ്യതയ്ക്ക് വേണ്ടി കാത്തുകിടക്കുന്നത് ജനുവരി ഒന്നുമുതൽ വർദ്ധിക്കും. വീടുകളിൽ ചെലവൊഴിക്കേണ്ട നല്ല സമയം ട്രെയിനകളിലേയ്ക്ക് മാറ്റുകയാണ് പുതിയ സമയക്രമം സമ്മാനിച്ചത്.
നിലവിൽ കേരളത്തിലെ റെയിൽവേ യാത്രകൾ ആശ്വാസകരമല്ല, അതുകൊണ്ട് സമയമാറ്റത്തിലൂടെ യാത്രാദൈർഘ്യം കുറയ്ക്കാനായിരുന്നു റെയിൽവേ മുൻഗണന നൽകേണ്ടിയിരുന്നത്. 'മാറ്റം' കൂടുതൽ സർവീസുകൾക്ക് സമയം കണ്ടെത്താൻ ഉതകുന്ന വിധമാകണമായിരുന്നു.
രണ്ടുമണിക്കൂറിലേറെ ഇടവേളയ്‌ക്ക് ശേഷം കോട്ടയം ഭാഗത്തേയ്ക്ക് സർവീസ് നടത്തുന്ന 16361 വേളാങ്കണ്ണി എക്സ്പ്രസ്സും 20629 തിരുവനന്തപുരം ശബരി എക്സ്പ്രസ്സും എറണാകുളത്ത് നിന്ന് പുറപ്പെടാൻ നൽകിയിരിക്കുന്ന സമയത്തിൽ വെറും അഞ്ചുമിനിറ്റ് വ്യത്യാസം മാത്രമാണുള്ളത്. സാദ്ധ്യമല്ലാത്ത സമയക്രമമാണ് ഇരുട്രെയിനുകൾക്കും ഇവിടെ നൽകിയിരിക്കുന്നത്. എറണാകുളം ടൗണിൽ നിന്ന് ആദ്യം പുറപ്പെടുന്ന ശബരി എക്സ്പ്രസ്സ് ജംഗ്ഷൻ ഔട്ടറിൽ 10 മിനിറ്റിലേറെ വേളാങ്കണ്ണി കടന്നുപോകാൻ കാത്തു കിടക്കേണ്ടി വരും. വേളാങ്കണ്ണി എക്സ്പ്രസ്സ് ജംഗ്ഷനിൽ നിന്ന് പുറപ്പെട്ട് പത്തുമിനിറ്റിന് ശേഷമായിരുന്നു ശബരിയുടെ സമയം നൽകിയിരുന്നതെങ്കിൽ കൂടുതൽ യാത്രക്കാർക്ക് പ്രയോജനം കിട്ടുകയും എങ്ങും പിടിച്ചിടാതെ യാത്ര തുടരാനും സാധിച്ചേനെ. ആശാസ്ത്രീയമായ സമയക്രമമാണ് പ്രഖ്യാപിച്ചത് എന്ന ആരോപണത്തിന് അടിവരയിടുകയാണ് ഇവിടെ.
അതുപോലെ സെക്കന്ദരാബാദിലേയ്ക്കുള്ള ശബരി എക്സ്പ്രസ്സ് എറണാകുളം ടൗണിൽ പുതിയ സമയക്രമം പ്രകാരം അരമണിക്കൂർ നേരത്തെ എത്തിച്ചേരും. എന്നാൽ ഒറ്റപ്പാലത്തെ സമയത്തിൽ മാറ്റം വരുന്നില്ല. ദീർഘ ദൂരയാത്രക്കാർക്ക് വലിയ തിരിച്ചടിയാണ് പുതിയ സമയക്രമം.വേഗത വർദ്ധനവിന്റെ പേരിൽ മാസത്തിൽ പകുതി ദിവസം വരെ വഴിതിരിച്ചു വിടലും പിടിച്ചിടലും അനുഭവിച്ചിട്ടും വീണ്ടും യാത്രക്കാരെ ദ്രോഹിക്കുന്ന നിലപാടാണ് തിരുവനന്തപുരം ഡിവിഷൻ സ്വീകരിച്ചതെന്ന് ഫ്രണ്ട്‌സ് ഓൺ റെയിൽസ് വിവിധ ജില്ലാഭാരവാഹികളും ആരോപിച്ചു.
ഡെസ്റ്റിനേഷൻ പോയിന്റുകളിൽ മാറ്റം വരുത്താതെ നിരവധി ട്രെയിനുകളുടെ സമയം ഒരുമിനിറ്റ് മുതൽ അരമണിക്കൂർ വരെ ആർക്കും പ്രയോജനമില്ലാത്ത രീതിയിൽ ഇപ്രകാരം മാറ്റിയതിൽ യാത്രക്കാരിൽ നിന്നും വലിയ തോതിലുള്ള അതൃപ്തി ഉയരുന്നുണ്ട്