പാലിൽ പൈപ്പ് വെള്ളം കലർത്തി നൽകി; പത്ത് വർഷം കാത്തിരുന്ന് ജനിച്ച കുഞ്ഞ് മരിച്ചു, ഞെട്ടൽ മാറാതെ നഗരം

Friday 02 January 2026 10:38 AM IST

ഭോപ്പാൽ: കുടിവെള്ളത്തിൽ ടോയ്‌ലെറ്റ് മാലിന്യം കലർന്നതിനെ തുടർന്ന് ആരോഗ്യം വഷളായി മരിച്ചവരുടെ കൂട്ടത്തിൽ അഞ്ചുമാസം പ്രായമായ ആൺകുഞ്ഞും. മദ്ധ്യപ്രദേശിലെ ഇൻഡോർ ജില്ലയിലെ ഭഗീരഥപുരയിലാണ് സംഭവം. പ്രൈവറ്റ് കൊറിയർ കമ്പനിയിലെ ജീവനക്കാരനായ സുനിൽ സാഹുവിന്റെ മകൻ അവ്യാനാണ് മരിച്ചത്. ആദ്യത്തെ പെൺകുട്ടി ജനിച്ച് പത്ത് വർഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ കുഞ്ഞായിരുന്നു അവ്യാൻ.

അവ്യാന്റെ അമ്മയ്‌ക്ക് മുലപ്പാൽ ഉത്പാദിപ്പിക്കാൻ സാധിക്കില്ല. അതിനാൽ ഡോക്‌ടറിന്റെ നിർദേശപ്രകാരം പാക്കറ്റ് പാലിലേക്ക് അൽപം പൈപ്പ് വെള്ളം ചേർത്ത് തിളപ്പിച്ചാണ് കുഞ്ഞിന് നൽകിയിരുന്നത്. എന്നാൽ പൈപ്പ് വെള്ളത്തിനുള്ളിൽ ടോയ്‌ലെറ്റ് മാലിന്യം കലർന്നത് കുടുംബം അറിഞ്ഞിരുന്നില്ല.

പൂർണ ആരോഗ്യവാനായിരുന്ന കുഞ്ഞിന് കടുത്ത പനിയും വയറിളക്കവും ഉണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഡോക്‌ടർ നിർദേശിച്ച മരുന്നുകൾ നൽകുന്നുണ്ടായിരുന്നെങ്കിലും ഞായറാഴ്‌ചയോട് കൂടി ആരോഗ്യം വഷളാവുകയായിരുന്നു. തിങ്കളാഴ്ച പുലർച്ചെയാണ് മരണം സംഭവിച്ചത്.

ഭഗീരഥപുരയിൽ ടോയ്‌ലെറ്റ് മാലിന്യം കുടിവെള്ളത്തിൽ കലർന്നതിനെത്തുടർന്ന് ഇതുവരെ ഒമ്പത് മരണങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. നൂറിലധികം പേർ നിലവിൽ ചികിത്സയിലാണ്. പലരുടെയും നില ഗരുതരമാണ്. ഭഗീരഥപുരയിൽ കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പ് ലൈനിന് മുകളിലൂടെ യാതൊരു സുരക്ഷാസംവിധാനങ്ങളും ഇല്ലാതെയാണ് ടോയ്‌ലെറ്റ് മാലിന്യം ഒഴുക്കിയിരുന്നത്. കുടിവെള്ളം വിതരണം ചെയ്യുന്ന പൈപ്പിന്റെ പല ഭാഗങ്ങളിലുമുണ്ടായിരുന്ന പൊട്ടലുകൾ മലിനജലം അതിലേക്ക് കലരുന്നതിന് കാരണമായി.

പ്രതിസന്ധിയെക്കുറിച്ച് പരിശോധിക്കുന്നുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മുനിസിപ്പൽ കോർപ്പറേഷൻ കമ്മീഷണർ ദിലീപ് കുമാർ പറഞ്ഞു. സംഭവത്തെ തുടർന്ന് ജലവിതരണ അസിസ്റ്റൻ്റ് എഞ്ചിനീയർ, സബ് എഞ്ചിനീയർ, സോണൽ ഓഫീസർ എന്നിവരെ സസ്‌പെന്റ് ചെയ്‌തു.