പത്താം ക്ലാസ് പാസായ 18 വയസ് കഴിഞ്ഞവരാണോ? നിങ്ങൾക്ക് പരീക്ഷയില്ലാതെ സർക്കാർ ജോലി നേടാൻ അവസരം

Friday 02 January 2026 2:37 PM IST

കേരള ടൂറിസം വികസന കോർപ്പറേഷൻ ലിമിറ്റഡിൽ റിസപ്‌ഷനിസ്റ്റ്, വെയിറ്റർ, അസിസ്റ്റൻഡ് കുക്ക് തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. 55 ഒഴിവുകളാണുള്ളത്. താൽപ്പര്യമുള്ളവർ ജനുവരി ഏഴിന് മുമ്പ് തപാൽ മാർഗം അപേക്ഷകൾ സമർപ്പിക്കണം. റിസപ്‌ഷനിസ്റ്റ് - 16, വെയിറ്റർ - 27, അസിസ്റ്റൻഡ് കുക്ക് - 12 എന്നിങ്ങനെയാണ് ഒഴിവുകൾ. കേരളത്തിലെ വിവിധ കെടിഡിസി യൂണിറ്റുകളിലായിരിക്കും നിയമനം.

18 മുതൽ 36 വയസുവരെയുള്ളവർക്ക് അപേക്ഷിക്കാം. കേരള പിഎസ്‌സി മാനദണ്ഡങ്ങൾ അനുസരിച്ച് പട്ടികജാതി, പട്ടികവർഗം, മറ്റ് പിന്നാക്ക വിഭാഗങ്ങൾ എന്നിവർക്ക് പ്രായപരിധിയിൽ ഇളവുകൾ ലഭ്യമാണ്. തിരഞ്ഞെടുക്കപ്പെടുന്ന എല്ലാ ഉദ്യോഗാർത്ഥികൾക്കും മാസം 22,200 രൂപ ഏകീകൃത ശമ്പളമായി ലഭിക്കുന്നതാണ്.

  1. റിസപ്‌ഷനിസ്റ്റ് തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർ പ്ലസ് ടു പാസായിരിക്കണം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് ഒരു വർഷത്തെ ഹോട്ടൽ റിസപ്‌ഷൻ ആന്റ് ബുക്ക് കീപ്പിംഗ് സർട്ടിഫിക്കറ്റ് കോഴ്‌സ് നിർബന്ധമാണ്. അപേക്ഷകർ‌ക്ക് ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകളിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  2. വെയിറ്റർ തസ്‌തികയിലേക്ക് പത്താം ക്ലാസാണ് യോഗ്യത. റെസ്റ്റോറന്റ് ആന്റ് കൗണ്ടർ സർവീസസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷകൾ അറിഞ്ഞിരിക്കണം.
  3. അസിസ്റ്റന്റ് കുക്ക് തസ്‌തികയിലേക്ക് പത്താം ക്ലാസ് പാസായവർക്ക് അപേക്ഷിക്കാം. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ഫുഡ് പ്രൊഡക്ഷൻ അല്ലെങ്കിൽ കുക്കറി സർട്ടിഫിക്കറ്റ് കോഴ്‌സ് പാസായിരിക്കണം.