ധൂമപഞ്ജരം

Sunday 04 January 2026 1:24 AM IST

കരീബിയൻ ചുരുട്ടിന്റെ കനത്ത ധൂമവലയത്തിനപ്പുറം,​ കപ്പലിന്റെ ഡെക്കിൽ ഒരു മാരപ്പോസാ പുഷ്പം വിടർന്നു നില്ക്കുകയാണെന്ന് കാസ്ട്രോയ്ക്ക് തോന്നി. ചുണ്ടിൽ നിന്ന് ചുരുട്ട് വലംകൈയിലെടുത്ത്,​ പുകയുടെ ഇളകുന്ന നീലത്തിരശീല ഞൊറിഞ്ഞു നീക്കിയപ്പോൾ,​ രണ്ട് വജ്രനേത്രങ്ങളുടെ ജ്വലനം! കടൽക്കാറ്റ് അവളുടെ ഫ്രോക്കിനകത്തേക്കു കയറി,​ പുറത്തേക്കു വഴിതിരഞ്ഞ് ഉലഞ്ഞുകൊണ്ടിരിക്കെ,​ ആ ധവളപുഷ്പം ചിറകാർന്നൊരു ചിത്രശലഭമായി പറന്നുനിന്നു.

'ആയുധങ്ങളുമായി ഒരാൾക്കും കപ്പലിനകത്തേയ്ക്ക് പ്രവേശനമില്ല!"

കാസ്ട്രോയുടെ അംഗരക്ഷകർ ചിരിയൊതുക്കാൻ പാടുപെടുകയായിരുന്നു. ക്യൂബയുടെ ശിരസിൽ കമ്മ്യൂണിസത്തിന്റെ കൊടിയുയർത്തിയ ധീരവിപ്ളവകാരി ഫിഡൽ കാസ്ട്രോയോടോ, പൂമ്പാറ്റയെപ്പോലെ ദുർബലയായൊരു പെൺകൊടിയുടെ കല്പന!

ചിത്രശലഭത്തിനു നേരെയുയർന്ന തോക്കുകളുടെ ശൗര്യം തടഞ്ഞ് കാസ്ട്രോയുടെ ഉത്തരവ്: 'സഖാക്കളേ,​ ആയുധം താഴ്‌ത്തുക. അല്ലെങ്കിൽ,​ കാസ്ട്രോ ഒരു സൗന്ദര്യ വിരോധിയാണെന്ന് ലോകം

കരുതിയാലോ?​"

തോക്കുകൾ താഴ്ന്നു.

മഹത്തായ ക്യൂബൻ വിപ്ളവത്തിൽ (1959) കരീബിയൻ കടൽ ചുവന്നിട്ട് മാസങ്ങൾ പിന്നിട്ടിരുന്നതേയുള്ളൂ. കമ്മ്യൂണിസ്റ്റ് ക്യൂബയുടെ ആദ്യ പ്രധാനമന്ത്രിയായും,​ പിന്നീട് 1976 മുതൽ പ്രസിഡന്റ് ആയും അമ്പതാണ്ട്,​ സ്വയം അധികാര ദ്വീപായി വളർന്ന ഫിഡൽ കാസ്ട്രോ എന്ന ഏകാധിപതിയുടെ മുഖത്തേക്കു നോക്കി,​ മരീറ്റാ ലോറൻസ് എന്ന പെൺശലഭത്തിന്റെ രണ്ടാം ചോദ്യം: 'നിങ്ങൾ ആരുമാകട്ടെ; എന്റെ പിതാവ് ക്യാപ്റ്റൻ ആയ കപ്പലിൽ തോക്കുകൾക്ക് എന്തു കാര്യം?"​

വിപ്ളവനായകന്റെ അനുചരന്മാരുടെ പരിഹാസത്തിന് പത്തി താഴ്ന്നിരുന്നില്ല: 'ഞങ്ങളുടെ ബോസ് ഇത്ര വലിയ കപ്പൽ ഇതുവരെ കണ്ടിട്ടില്ല,​ കുട്ടീ."

അപ്പോഴാണ് 'ബോസി"ന്റെ കണ്ണുകളിലേക്ക് മരീറ്റ ശരിക്കും നോക്കിയത്. പത്തൊമ്പതാം വയസിൽ,​ പ്രണയത്തിന്റെ അഗാധമായൊരു ഖനിയിലേക്ക് ഒരൊറ്റ വഴുതലിൽ തെന്നിവീഴുന്നതു പോലെയായിരുന്നു അതെന്ന് പിന്നീടൊരിക്കൽ മരീറ്റ എഴുതിയിട്ടുണ്ട്. ഒരുവട്ടം കാസ്ട്രോയിൽ നിന്ന് ഗർഭം ധരിക്കുകയും,​ വഞ്ചന പൊറുക്കാനാവാഞ്ഞ് പിണങ്ങി മാറുകയും,​ അനന്തര ജീവിതത്തിന്റെ വിചിത്രമായൊരു നിയോഗ

പർവത്തിൽ അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയിൽ നിന്ന് ചാരദൗത്യമേറ്റ്, കാസ്ട്രോയെ കൊലപ്പെടുത്തുവാൻ ക്യൂബയിലേക്ക് മടങ്ങിയെത്തുകയും ചെയ്ത ജർമ്മൻ സുന്ദരി!

മരീറ്റ എന്ന

പെൺശലഭം

ചുരുട്ട്, കടലിലേക്കു നീട്ടിയെറിഞ്ഞ്, ഇരുകൈകളും വിടർത്തിപ്പിടിച്ച് അയാൾ അവൾക്കു മുന്നിൽ മുട്ടുകുത്തി: 'എന്റെ പ്രണയശലഭമേ,​ ക്യൂബ ഇതാ നിനക്കു മുന്നിൽ കീഴടങ്ങുന്നു; കാസ്ട്രോയും!"

മുപ്പത്തിമൂന്നാം വയസിൽ,​ കാസ്ട്രോയുടെ പ്രണയ പ്രഖ്യാപനത്തിൽ അനുചരന്മാർക്ക് വിശേഷിച്ചൊന്നും തോന്നിയില്ല. കാരണം,​ വിപ്ളവത്തിന്റെ ആൺകരുത്തിനു മാത്രമല്ല,​ കാസ്‌‌ട്രോയുടെ തിരയടങ്ങാത്ത ആസക്തികൾക്കും നിത്യസാക്ഷികളായിരുന്നു അവർ. പക്ഷേ,​ ആരും അറിയാതെപോയൊരു സമുദ്ര രഹസ്യമുണ്ട്: ഏതു പ്രതികാരചിന്തയിലും തിരികെടാത്ത പ്രണയത്തിന്റെ നക്ഷത്രജ്വാല! അല്ലെങ്കിൽ,​ സി.ഐ.എയുടെ 'അസാസിനേഷൻ അസൈൻമെന്റു"മായി രണ്ടാം പ്രണയകാലത്തേക്ക് വിമാനമിറങ്ങിയ മരീറ്റ,​ ആ ദൗത്യത്തിൽ പരാജിതയായി അടിയറവ് പറയുമായിരുന്നില്ലല്ലോ!

പ്രവചന സാദ്ധ്യമല്ലാത്തൊരു പ്രണയകഥയുടെ ആദ്യ വേലിയേറ്രമായിരുന്നു അതെന്ന് കാസ്ട്രോയുമായുള്ള ആദ്യ കൂടിക്കാഴ്ചയിൽ മരീറ്റ ലോറൻസ് എങ്ങനെയറിയാൻ! മകളുടെ ശബ്ദം കേട്ട് കാബിനിൽ നിന്ന് എത്തിയ ക്യാപ്റ്റൻ ഹെൻറിക് ലോറൻസ് ക്യൂബയുടെ ചക്രവർത്തിയെ കപ്പലിന്റെ ഡെക്കിൽ കണ്ട് അമ്പരന്നു! ന്യൂയോർക്കിലേക്കുള്ള അറ്റ്ലാന്റിക് യാത്രയ്ക്കിടെ ഹവാന തുറമുഖത്ത് ഒരു അത്താഴവിരുന്നിന് കപ്പലടുപ്പിച്ചതായിരുന്നു,​ ക്യാപ്ടൻ.

ആ രാത്രിവിരുന്നിൽ ആതിഥേയനായി അവതരിച്ച ഫിഡൽ കാസ്ട്രോ,​ അത്താഴത്തിനൊടുവിൽ ക്യാപ്റ്റന്റെ മകളുടെ ചെവിയിൽ ചോദിച്ചു: 'ഇനി എന്നു കാണും?"​ മരീറ്റ,​ അച്ഛൻ കാണാതെ മേശപ്പുറത്തുനിന്ന് തീപ്പെട്ടിക്കൂട് കൈയിലെടുത്ത്,​ ഒരു ഫോൺനമ്പർ കുറിച്ചു- കൊളംബിയ യൂണിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന ജ്യേഷ്ഠൻ ജോചിമിന്റെ നമ്പർ. ന്യൂയോർക്ക് യാത്രയ്ക്കിടെ മാൻഹാട്ടനിൽ ഇറങ്ങി,​ കുറച്ചുനാൾ ജ്യേഷ്ഠന്റെ കൂടെ താമസിക്കാനായിരുന്നു മരീറ്റയുടെ പരിപാടി.

കാസ്ട്രോയുടെ

ആദ്യപ്രണയം

കാസ്ട്രോയുടെ പ്രണയവിചാരങ്ങൾക്ക് ആദ്യം തീപിടിച്ചത് ഹവാനാ തുറമുഖത്ത്,​ കപ്പലിന്റെ ഡെക്കിൽ മരീറ്റാ ലോറൻസിനു മുന്നിലായിരുന്നില്ല. യൂണിവേഴ്സിറ്റി ഒഫ് ഹവാനയിലെ നിയമ പഠനകാലത്ത്,​ അവിടെ തത്വശാസ്ത്ര വിദ്യാർത്ഥിയായിരുന്ന മിർത ദിയസ് ബലാർട്ടിൽ ആദ്യ അനുരാഗാങ്കുരം. 1948-ൽ,​ ഇരുപത്തിരണ്ടാം വയസിൽ വിവാഹം. കാസ്ട്രോയിൽ ഒരു ആൺകുഞ്ഞ് ജനിച്ചപ്പോഴേക്കും മിർതയ്ക്ക് മതിയായി. വിപ്ളവകാരിയായ വിദ്യാർത്ഥി നേതാവിനെ ഉൾക്കൊള്ളാൻ ക്യൂബൻ പ്രസിഡന്റ് ഫ്ളുഹെൻസ്യു ബറ്റീസ്റ്റയുടെ ആശ്രിതരായിരുന്ന മിർതയുടെ കുടുംബത്തിന് കഴിയുമായിരുന്നുമില്ല. മിർത അവസാനിപ്പിച്ചു പോയിടത്ത് കാസ്ട്രോ,​ പ്രണയ സാഹസങ്ങളുടെ പുതിയ അദ്ധ്യായം എഴുതിത്തുടങ്ങുകയായിരുന്നു!

ആ അതിസാഹസ പരീക്ഷണങ്ങളെക്കുറിച്ചാണ്,​ ഒരിക്കൽ കാസ്ട്രോയുടെ അംഗരക്ഷകനായിരുന്ന ജുവാൻ റെയ്നോൾഡ് സാഞ്ചസ്. 'ദ ഡബിൾ ലൈഫ് ഒഫ് ഫിഡൽ കാസ്ട്രോ" എന്ന പുസ്കത്തിൽ തുറന്നെഴുതിയത്: ആ ചെന്നായയുടെ ശയ്യയിൽ 35,​000 സ്ത്രീകളെങ്കിലും കിടന്നിട്ടുണ്ടാവും! ഹവാനാ ഹിൽട്ടണിലെ കമ്മ്യൂണിസ്റ്റ് ആസ്ഥാനത്തുനിന്ന് ഓരോ ആഹാരനേരത്തിനു മുമ്പും ഹവാനാ ബീച്ചിലേക്ക് അയാൾ അനുചരന്മാരെ പറഞ്ഞയച്ചു: 'പോയി ചൂണ്ടയിടുക; കൊത്തുന്നത് ഏതു രാജ്യക്കാരിയാണെങ്കിലും അവളെ കാസ്ട്രോയുടെ തീൻമേശയിലെത്തിക്കുക!"

പഞ്ചനക്ഷത്ര

പ്രതികാരം!

ക്യൂബയിൽ,​ ബറ്റീസ്റ്റയുടെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭരണത്തിന് ആയുധവും അർത്ഥവും നല്കിയ അമേരിക്കയോട്,​ വിപ്ളവാനന്തരം കാസ്ട്രോ നടത്തിയ ആദ്യ പ്രതികാരത്തിന്റെ നക്ഷത്ര മുദ്ര‌യായിരുന്നു,​ ഹവാനാ ഹിൽട്ടൺ! പിടിച്ചെടുത്ത സപ്തനക്ഷത്ര ഹോട്ടലിനു മുന്നിൽ കാസ്ട്രോ പുതിയ ബോർഡ് വച്ചു: 'ഹെഡ് ക്വാർട്ടേഴ്സ്,​ കമ്മ്യൂണിസ്റ്റ് പാർട്ടി ഒഫ് ക്യൂബ!" അതു തന്നെയായിരുന്നു,​ പ്രധാനമന്ത്രിയുടെ ഔദ്യോഗിക മന്ദിരവും സ്വകാര്യ വിശ്രമ സങ്കേതവും. കാസ്ട്രോയ്ക്കായി അനുചരന്മാർ ദിവസവും ചൂണ്ടയിട്ടുകൊണ്ടേയിരുന്നു...

ആ പ്രണയ പരാക്രമങ്ങളുടെ ഇടവേളയിലായിരുന്നു,​ മരീറ്റാ ലോറൻസ് എന്ന ചിത്രശലഭത്തിന്റെ പ്രണയാഗമം. ഹവാനാ തുറമുഖത്തുനിന്ന് മരീറ്റ കൈവീശി യാത്രപറഞ്ഞു പിരിഞ്ഞ് ഒരാഴ്ച പിന്നിടും മുമ്പ്,​ മാൻഹാട്ടനിൽ അവളുടെ ജ്യേഷ്ഠൻ ജോചിമിന്റെ വസതിയിലേക്ക് ഒരു ടെലിഫോൺ കാൾ: 'ഇത് മരീറ്റാ ലോറൻസിനുള്ളതാണ്."

'മരീറ്റ എന്റെ സഹോദരിയാണ്. അവളെ വിളിക്കാൻ നിങ്ങൾ ആരാണ്?​"

പുരുഷസ്വരത്തിന്റെ വ്യാഘ്രസൗന്ദര്യം മുഴുവനുമുണ്ടായിരുന്നു,​ മുഴക്കമുള്ള മറുപടിക്ക്: '‍ഞാൻ,​ ക്യൂബയുടെ ചക്രവർത്തി. പേര്,​ ഫിഡൽ അലഹാൻഡ്രോ കാസ്ട്രോ റൂസ്."

ജോചിമിന്റെ വിറയ്ക്കുന്ന കൈകളിൽ നിന്ന് കൊത്തിയെടുക്കുംപോലെ,​ മരീറ്റ റിസീവർ തട്ടിപ്പറിച്ചു: 'പ്രിയനേ,​ പ്രണയകല്പന പുറപ്പെടുവിച്ചാലും!" കൗമാരംവിടാത്ത മരീറ്റയുടെ കുസൃതിവാക്കിനു മുന്നിൽ കാസ്ട്രോ അനുരാഗ വിവശനായി: 'പ്രിയേ,​ നിന്റെ ശലഭച്ചിറകുകൾ വിടർത്തി ക്യൂബൻ തീരത്തേക്ക് പറന്നുവരിക. ഹവാനാ എയർപോർട്ടിൽ ക്യൂബൻ ഗവൺമെന്റിന്റെ ജീപ്പ് കാത്തുകിടക്കും. പ്രധാനമന്ത്രി പ്രണയാതുരനാകയാൽ ചികിത്സ വൈകിക്കൂടാ!"

ഒരു പുഴയുടെ

പ്രണയപാതം

അച്ഛന്റെ വിലക്കുകൾക്കോ ജ്യേഷ്ഠന്റെ വ്യാകുലതകൾക്കോ തടഞ്ഞു നിറുത്താനാവുന്നതായിരുന്നില്ല,​ മരീറ്റയുടെ പ്രണയാവേശം. അതിരില്ലാത്തൊരു സമുദ്രത്തിലേക്ക് പ്രണയത്താൽ സ്വാസ്ഥ്യംനഷ്ടമായ പുഴ കുഴഞ്ഞുവീഴുമ്പോലെയായിരുന്നു അത്. കാസ്ട്രോ അയച്ചുകൊടുത്ത പ്രത്യേക വിമാനത്തിൽ പിറ്റേന്നുതന്നെ മരീറ്റ ഹവാനയിലേക്കു പറന്നു. എയർപോർട്ടിൽ നിന്ന് നേരെ,​ ഹവാന ഹിൽട്ടണിലെ കമ്മ്യൂണിസ്റ്റ് ആസ്ഥാനത്തേക്ക്. പ്രധാനമന്ത്രിയുടെ എക്സിക്യുട്ടീവ് സ്വീറ്റിലെ ശയ്യാഗൃഹത്തിൽ അയാളുടെ ചുരുണ്ട താടിരോമങ്ങളിൽ വിരലോടിച്ച് മരീറ്റ ചോദിച്ചു: 'എനിക്കു വേണ്ടി കാസ്ട്രോ എന്ന ഈ ധിക്കാരി എന്തും ത്യജിക്കുമോ?​"

ഇടംകൈയിടുക്കിൽ മരീറ്റയെ പൊതിഞ്ഞുപിടിച്ച്,​ ചുണ്ടിലേക്ക് ചുരുട്ട് ഒന്നുകൂടി തിരുകിവച്ച് കാസ്ട്രോ ശാന്തനായി മറുപടി പറഞ്ഞു: 'ത്യജിക്കുവാൻ കാസ്ട്രോ ശീലിച്ചിട്ടില്ല. അതുകൊണ്ട്,​ ക്യൂബയുടെ പരമാധികാരിയെ ഇതാ,​ ഈ ചിത്രശലഭത്തിനായി സമർപ്പിച്ചിരിക്കുന്നു!"

മരീറ്റയുടെ തീപിടിച്ച ഹൃദയത്തിന് അത്രയും കേട്ടാൽ മതിയായിരുന്നു. അവൾ അരികിലുള്ളിടത്തോളം ക്യൂബൻ തീരത്ത് അറ്റ്ലാന്റിക്കിലെ തിരകൾ ശാന്തമായിരുന്നു. പുതിയ ഇരകൾക്കായി കല്പനകൾ വരാതിരുന്നതുകൊണ്ട് അനുചരന്മാരും ചൂണ്ടകളും കുറേനാൾ വിശ്രമത്തിലായിരുന്നു!

മാസങ്ങൾക്കകം ഗർഭിണിയായ മരീറ്റ ഒരു രാത്രിയുറക്കത്തിൽ ശ്വാസം തടഞ്ഞ് ഞെട്ടിയുണരുമ്പോൾ കിടക്കയ്ക്കരികിൽ നിഴലനക്കം. കാസ്ട്രോയുടെ വിശ്വസ്തരിൽ ഒരാൾ മരീറ്റയുടെ കഴുത്തിനു കുത്തിപ്പിടിച്ച് വായിലേക്ക് ഒരു ദ്രാവകം ഒഴിച്ചുകൊടുത്തു. തൊണ്ടയിലൂടെ അഗ്നിജലം ഇറങ്ങിപ്പോകുന്നതുപോലെ തോന്നി. അലറിവിളിക്കണമെന്നുണ്ടായിരുന്നു,​ മരീറ്റയ്ക്ക്. ശബ്ദത്തിനു മീതേയ്ക്ക് ആ തീത്തൈലം ഒഴുകിനിറഞ്ഞു.

ഗർഭപാത്രത്തിൽ ഒരു ശലഭജന്മം വെന്തെരിഞ്ഞു. മരീറ്റ പ്രതീക്ഷിച്ചിരുന്നതല്ല,​ ആ ഭ്രൂണഹത്യ. ചോദ്യവും ഉത്തരവുമില്ല,​ നിശബ്ദമായിക്കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾക്കു ശേഷം ഹവാനാ ഹാമിൽട്ടണിൽ നിന്ന് മരീറ്റ പടിയിറങ്ങി- വീണ്ടുമൊരിക്കൽ,​ ഒരു പ്രണയനാടകത്തിന് അതേ മന്ദിരം വേദിയാകുമെന്നും,​ കൊലയാളിയുടെ വേഷത്തിൽ താൻ പുനരവതരിക്കുമെെന്നും അറിയാതെ!

കൊലയാളിയായി

രഹസ്യദൗത്യം

​ ഫ്ളോറിഡയിൽ താമസമാക്കിയ മരീറ്റയുടെ ആദ്യ അന്വേഷണം,​ അമേരിക്കയിലെ കാസ്ട്രോ വിരുദ്ധ ഗ്രൂപ്പുകളെക്കുറിച്ചായിരുന്നു. കാസ്ട്രോയെ വധിക്കാൻ അമേരിക്ക തിരക്കഥ മെനഞ്ഞിരുന്ന കാലം. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ കണ്ണ് മരീറ്റ എന്ന സുന്ദരിയിൽ പതിയാൻ തീരെ താമസമുണ്ടായില്ല. മരീറ്റയാകട്ടെ,​ കാസ്ട്രോയോടുള്ള പ്രതികാരത്തിന് വഴിതിരഞ്ഞു നടക്കുകയായിരുന്നു താനും.

1960-ൽ സി.ഐ.എയുടെ ഡീൽ ലളിതമായിരുന്നു: ക്യൂബയിലേക്കു പോവുക,​ ഹവാനാ ഹാമിൽട്ടണിൽ കാസ്ട്രോയുടെ പ്രണയിനിയായി വീണ്ടുമെത്തുക. എല്ലാ സാഹചര്യവും അനുകൂലമെന്ന് തോന്നുമ്പോൾ കൃത്യം നടപ്പാക്കുക!

'എങ്ങനെ?"​

സി.ഐ.എ ഉദ്യോഗസ്ഥർ മരീറ്റയുടെ കൈകളിലേക്ക് ഒരു വാനിറ്റി ബാഗ് വച്ചുകൊടുത്തു. വിഷം കലർത്തിയ ഗുളികകളുടെ ഒരു ചെറിയ പെട്ടി! ഭക്ഷണത്തിൽ കലർത്തി കൊടുക്കുക. ഒറ്റത്തവണയേ വേണ്ടിവരൂ. ഒരു പരിശോധനയിലും ഒന്നും തെളിയില്ല! കാസ്ട്രോയുടെ സംസ്കാരം കഴിഞ്ഞാലുടൻ,​ യു.എസിലേക്ക് മടങ്ങുക. കാസ്ട്രോയോടുള്ള രാഷ്ട്രീയ പ്രതികാരത്തിന് ഒരു ഭഗ്നപ്രണയിനിയെ കരുവാക്കിയ അമേരിക്കൻ തന്ത്രത്തിന്റെ നാണംകെട്ട കഥയെ,​ ചരിത്രം ഒരു അശ്ലീലകഥ പോലെ ആഘോഷിച്ചു.

കാസ്ട്രോയ്ക്ക് അറിയാമായിരുന്നു,​ തന്റെ ചുരുട്ടിന്റെ ധൂമവലയത്തിൽ നിന്ന് മരീറ്റയ്ക്ക് ഒരിക്കലും മോചനമില്ലെന്ന്. ഇരുകൈകളും നീട്ടി അവളെ സ്വീകരിക്കുമ്പോൾ അയാൾ പറഞ്ഞു: 'ഒരിക്കൽ നീ ചോദിച്ചുവല്ലോ,​ നിനക്കായി ഞാൻ എന്താണ് ത്യജിക്കുകയെന്ന്! ഇപ്പോഴിതാ,​ എന്നോടുള്ള വിരോധം ത്യജിച്ച് നീ വീണ്ടും എന്റെ പ്രണയത്തിന് കീഴടങ്ങിയിരിക്കുന്നു."

പക്ഷേ,​ ക്യൂബൻ രഹസ്യാന്വേഷണ വിഭാഗം മരീറ്റയുടെ രഹസ്യം അപ്പോഴേക്കും കാസ്ട്രോയുടെ ഓഫീസിൽ എത്തിച്ചുകഴിഞ്ഞിരുന്നു. കാസ്ട്രോയുടെ ശരീരത്തിനു കീഴെ ഓരോ തവണ അമർന്നുകിടക്കുമ്പോഴും മരീറ്റയുടെ മനസിൽ ആ ദൗത്യം മാത്രമായിരുന്നു. ഓരോ വേഴ്ചയ്ക്കു ശേഷവും,​ ക്രൂരമായ പ്രതികാരമനസോടെ എഴുന്നേല്ക്കെ കാസ്ട്രോയും അത് പറഞ്ഞുറപ്പിച്ചു: ചിത്രശലഭമേ,​ നിനക്ക് അതിനു കഴിയില്ല!

തോറ്റുപോയ

രഹസ്യം

ഒടുവിൽ ഒരു ദിവസം,​ വാശിയോടെയെന്നതു പോലെ മരീറ്റയെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തിയ രാത്രിയിൽ അയാൾ ഒരു കൈത്തോക്ക് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു: 'നീ ബാഗിൽ കൊണ്ടുനടക്കുന്ന വിഷം എനിക്ക് ഭക്ഷണത്തിൽ കലർത്തി നല്കുന്നതിലും എത്രയോ എളുപ്പമാണ്,​ ഇതിന്റെ കാഞ്ചിയിൽ വിരലമർത്തുക എന്നത്. നിനക്ക് അതിനു കഴിയുമെങ്കിൽ ഈ നിമിഷത്തിൽ ആകാം!"

മരീറ്റ മുട്ടുകുത്തി: 'ക്യൂബയുടെ ചക്രവർത്തിക്കു മുന്നിൽ ഞാൻ തോറ്റുപോയിരിക്കുന്നു. പക്ഷേ,​ അത് എന്റെ രഹസ്യം വെളിപ്പെട്ടുപോയതുകൊണ്ടോ,​ ഞാൻ കയ്യോടെ പിടിക്കപ്പെട്ടതുകൊണ്ടോ അല്ല! പിന്നെയോ,​ നിന്നോടുള്ള പ്രണയത്തിന്റെ ഖനിയിൽ നിന്ന് ഒരിക്കലും മോചനമില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടു മാത്രം. ഇതാ,​ വെറുമൊരു ശലഭം മാത്രമായി ഞാൻ നിന്റെ ശയ്യയെ പുല്കുന്നു!"

വീണ്ടും ഒരിക്കൽക്കൂടി മരീറ്റ ലോറൻസ് വാർത്തകളിൽ നിറഞ്ഞത്,​ അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളുടെ വെളിപ്പെടുത്തലുകളിലൂടെ ആയിരുന്നു! ആറുവർഷം മുമ്പ് 2019-ൽ,​ തൊണ്ണൂറാം വയസിൽ മരണത്തിലേക്കു മടങ്ങുംവരെ തുറന്നുപറച്ചിലുകളുടെ രാജ്ഞിയായി മരീറ്റ ഇടയ്ക്കിടെ മാദ്ധ്യമങ്ങളുടെ കൗതുകം തിളപ്പിച്ചു.

കാസ്ട്രോ എന്ന പ്രണയ സമുദ്രത്തിനു മീതെ മാത്രം ചിറകുവിരിച്ച ശലഭമായിരുന്നില്ല,​ മരീറ്റ ലോറൻസ്. കാസ്ട്രോയെ കൊലപ്പെടുത്താൻ മരീറ്റയെ ദൗത്യമേല്പിച്ച സി.ഐ.എ ഏജന്റുമാരായ ഫ്രാങ്ക് സ്റ്റർഗിസ്,​ ഹോവാർഡ് ഹണ്ട്,​ വെനിസ്വേലൻ സ്വേച്ഛാധിപതി മാർകോസ് പെരസ് ജിമിനെസ്... ഒരുപാട് പുരുഷ ശരീരങ്ങൾക്കു മേൽ പറന്നിരുന്നിട്ടും,​ മരണംവരെ അവൾ ഓ‍ർത്തുവച്ചിരുന്ന പ്രണയാനുഭവത്തിന് ഫിഡൽ കാസ്ട്രോയുടെ ചുരുട്ടിന്റെ ഗന്ധമായിരുന്നു. ആ ഗന്ധത്തിന്റെ ധൂമച്ചുഴിയിൽ പ്രണയഹത്യ വരിച്ച പെൺശലഭങ്ങളുടെ നിര ചെറുതായിരുന്നില്ല താനും!

(അടുത്ത ലക്കത്തിൽ അവസാനിക്കും)​