'പ്രതിഷേധക്കാരെ വെടിവച്ച് കൊന്നാൽ അമേരിക്ക ഇടപെടും', ഇറാനിൽ നടപടിക്ക് തയ്യാറെന്ന് ഡൊണാൾഡ് ട്രംപ്
വാഷിംഗ്‌ടൺ ഡിസി: വിലക്കയറ്റത്തിനെതിരെ ഇറാനിൽ നടക്കുന്ന പ്രതിഷേധത്തിന് എതിരായ നടപടികളിൽ ഭരണകൂടത്തിന് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക. സമൂഹമാദ്ധ്യമ പ്ളാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് മുന്നറിയിപ്പ് സന്ദേശം പോസ്റ്റ് ചെയ്‌തത്. 'സമാധാനപരമായി പ്രതിഷേധിക്കുന്നവരെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തുന്നത് അവരുടെ (ഇറാൻ ഭരണകൂടം) പതിവാണ്. പ്രതിഷേധക്കാർക്ക് അമേരിക്ക രക്ഷയ്‌ക്കായെത്തും. ആയുധം ലോഡ് ചെയ്‌ത് തയ്യാറാണ്.'
കടുത്ത സാമ്പത്തിക തകർച്ച നേരിടുന്ന ഇറാനിലെ പ്രക്ഷോഭത്തിൽ പ്രതിഷേധക്കാരും അവരെ പ്രതിരോധിക്കാൻ രംഗത്തുള്ള സുരക്ഷാസേനാംഗങ്ങളും അടക്കം ഏഴുപേരാണ് മരിച്ചത്. വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് ഇറാനിൽ നടക്കുന്ന പ്രതിഷേധം തലസ്ഥാനമായ ടെഹ്‌റാനപ്പുറത്തേക്കും കടന്നതോടെ സുരക്ഷാസേന സായുധവഴിയിലൂടെ പ്രതിഷേധത്തെ ശക്‌തമായി അടിച്ചമർത്താനാണ് ശ്രമിക്കുന്നത്. പടിഞ്ഞാറൻ ഇറാനിലാണ് ശക്തമായ ആക്രമണം നടന്നിരിക്കുന്നത്. തെരുവിൽ തീയിട്ടിരിക്കുന്നതിന്റെയും വെടിയൊച്ചകളുടെ ശബ്‌ദവും വീഡിയോകളിൽ നിന്നും അറിയാനാകും.
2022ൽ മഹസ അമിനി എന്ന 22കാരി ശിരോവസ്‌ത്രത്തിന്റെ പേരിൽ മരിച്ചതിന് ശേഷം ഇറാൻ കാണുന്ന ഏറ്റവും രൂക്ഷമായ ഭരണകൂട-ജന ഏറ്റുമുട്ടലാണ് ഇപ്പോഴത്തേത്. എന്നാൽ അന്നത്തെയത്ര ശക്തമല്ല പ്രതിഷേധമെന്നാണ് ഭരണകൂടം വ്യക്തമാക്കുന്നത്. ഇറാനിലെ ഏകാധിപത്യ ഭരണകൂടത്തിനെതിരെ ശക്തമായ മുദ്രാവാക്യങ്ങളാണ് എന്നാൽ ഇത്തവണ ഉയരുന്നത്.
അതേസമയം പ്രതിഷേധത്തെ മുതലാക്കാൻ ശ്രമിച്ച നിരവധിപേരെ അറസ്റ്റ് ചെയ്‌തെന്നാണ് ഇറാനിലെ ഔദ്യോഗിക ടെലിവിഷനിൽ വന്ന റിപ്പോർട്ട്. മുൻപ് 2025 ജൂൺമാസത്തിൽ അമേരിക്ക ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ബോംബ് ആക്രമണം നടത്തിയിരുന്നു. എന്നാൽ തങ്ങൾ അമേരിക്ക കരുതുംപോലെ യുറേനിയം സമ്പുഷ്‌ടീകരണം നടത്തുന്നില്ലെന്നായിരുന്നു അന്ന് ഇറാൻ അധികൃതർ വ്യക്തമാക്കിയത്. ഈ പ്രശ്‌നത്തിനിടെയാണ് ഇപ്പോൾ പ്രതിഷേധക്കാരെ വധിച്ചാൽ ഇറാനെ ആക്രമിക്കും എന്ന അമേരിക്കൻ ഭീഷണി വന്നിരിക്കുന്നത്.