ഡൽഹിയിൽ ഒറ്റയടിക്ക് റദ്ദാക്കിയത് 66 വിമാന സർവീസുകൾ; വലഞ്ഞ് യാത്രക്കാർ
ന്യൂഡൽഹി: കനത്ത മൂടൽമഞ്ഞിനെത്തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നുള്ള 66 വിമാനങ്ങൾ റദ്ദാക്കി. കാഴ്ചപരിധി കുറഞ്ഞതാണ് വിമാന ഗതാഗതം താറുമാറാക്കിയത്. ആകെ 66 സർവീസുകളാണ് റദ്ദാക്കിയത്. ഇതിൽ 32 എണ്ണം ഡൽഹിയിലേക്ക് ലാൻഡ് ചെയ്യേണ്ടവയും 34 എണ്ണം ഡൽഹിയിൽ നിന്ന് പുറപ്പെടേണ്ടവയുമായിരുന്നു. ഡിസംബർ പത്ത് മുതൽ ഫെബ്രുവരി പത്ത് വരെയുള്ള സമയമാണ് ഡിജിസിഎ മഞ്ഞ് കാലമായി ഔദ്യോഗിക പ്രഖ്യാപിച്ചിരിക്കുന്നത്.
കുറഞ്ഞ കാഴ്ചപരിധിയിൽ വിമാനം പറത്താൻ പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാരെ മാത്രമേ ഈ സമയത്ത് ഡ്യൂട്ടിക്ക് നിയോഗിക്കാവൂ എന്ന് ഡിജിസിഐ നേരത്തേ തന്നെ നിർദ്ദേശം നൽകിയിരുന്നു. 'ക്യാറ്റ്3ബി' സാങ്കേതികവിദ്യയുള്ള വിമാനങ്ങൾ മാത്രമേ ഇക്കാലയളവിൽ സർവീസിന് ഉപയോഗിക്കാവൂ.
മൂടൽമഞ്ഞുള്ള സമയത്ത് വിമാനങ്ങൾ സുരക്ഷിതമായി ലാൻഡ് ചെയ്യാൻ സഹായിക്കുന്ന ആധുനിക നാവിഗേഷൻ സംവിധാനമാണിത്. CAT-IIIA, CAT-IIIB എന്നിങ്ങനെ രണ്ടായിട്ടാണ് പ്രധാനമായും ഇവയെ തിരിച്ചിരിക്കുന്നത്.
കാഴ്ചപരിധി 200 മീറ്റർ വരെയുള്ള സാഹചര്യങ്ങളിൽ വിമാനം ഇറക്കാൻ CAT-IIIA സഹായിക്കുന്നു. കാഴ്ചപരിധി 50 മീറ്ററിൽ താഴെയാകുന്ന അതീവ സങ്കീർണ്ണമായ സാഹചര്യങ്ങളിലും സുരക്ഷിതമായ ലാൻഡിംഗ് സാധ്യമാക്കാൻ CAT-IIIB സംവിധാനം വിമാനങ്ങളെ പ്രാപ്തമാക്കുന്നു.
കനത്ത മഞ്ഞ് തുടരുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും വിമാന സർവീസുകളിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാർ വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് സമയം ഉറപ്പുവരുത്തേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.