ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന  യുവതിയെ  ഉപദ്രവിക്കാൻ ശ്രമിച്ചു; 19കാരൻ അറസ്റ്റിൽ

Friday 02 January 2026 5:58 PM IST

ആറ്റിങ്ങൽ: ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതിയെ ഉപദ്രവിക്കാൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആലംകോട് വില്ലേജിൽ തെഞ്ചേരിക്കോണം ഞാറവിള വീട്ടിൽ അസ്ഹറുദ്ദീനെ (19) ആണ് ആറ്റിങ്ങൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 16ന് രാത്രി ഏഴര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്ന യുവതിയെ പ്രതി പിന്തുടർന്ന് ആളൊഴിഞ്ഞ ഭാഗത്തുവച്ച് ഉപദ്രവിക്കുകയായിരുന്നു.

സംഭവശേഷം പ്രതി ഓടി രക്ഷപ്പെട്ടു. തുടർന്ന് യുവതി സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ആറ്റിങ്ങൽ ഡിവൈ.എസ്.പി യുടെ നിർദേശപ്രകാരം ആറ്റിങ്ങൽ എസ്. എച്ച്. ഒ അജയൻ ജെയുടെ നേതൃത്വത്തിൽ അന്വേഷണത്തിനായി പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിരുന്നു. സംഭവസ്ഥലത്തിന് സമീപമുള്ള 50ലധികം സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു.

സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട പതിനഞ്ചിലധികം വാഹനങ്ങളെയും പത്തോളം വ്യക്തികളെയും കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. എസ്. ഐ ജിഷ്ണു എം.എസ്, എസ്.ഐ സിതാര മോഹൻ, എസ്.സി. പി. ഒ ഷജീർ, സി.പി.ഒ മാരായ ദീപു കൃഷ്ണൻ, അജിൻരാജ്, അനന്തു എന്നിവർ അടങ്ങുന്ന സംഘം ആണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.