ധൂമ പഞ്ചരം
പ്രധാനമന്ത്രിയുടെ എക്സിക്യുട്ടീവ് സ്വീറ്റിലെ ശയ്യാഗൃഹത്തിൽ അയാളുടെ ചുരുണ്ട താടിരോമങ്ങളിൽ വിരലോടിച്ച് മരീറ്റ ചോദിച്ചു: 'എനിക്കു വേണ്ടി കാസ്ട്രോ എന്ന ഈ ധിക്കാരി എന്തും ത്യജിക്കുമോ?" ഇടംകൈയിടുക്കിൽ മരീറ്റയെ പൊതിഞ്ഞുപിടിച്ച്, ചുണ്ടിലേക്ക് ചുരുട്ട് ഒന്നുകൂടി തിരുകിവച്ച് കാസ്ട്രോ ശാന്തനായി മറുപടി പറഞ്ഞു: 'ത്യജിക്കുവാൻ കാസ്ട്രോ ശീലിച്ചിട്ടില്ല. അതുകൊണ്ട്, ക്യൂബയുടെ പരമാധികാരിയെ ഇതാ, ഈ ചിത്രശലഭത്തിനായി സമർപ്പിച്ചിരിക്കുന്നു!" മരീറ്റയുടെ തീപിടിച്ച ഹൃദയത്തിന് അത്രയും കേട്ടാൽ മതിയായിരുന്നു. അവൾ അരികിലുള്ളിടത്തോളം ക്യൂബൻ തീരത്ത് അറ്റ്ലാന്റിക്കിലെ തിരകൾ ശാന്തമായിരുന്നു. പുതിയ ഇരകൾക്കായി കല്പനകൾ വരാതിരുന്നതുകൊണ്ട് അനുചരന്മാരും ചൂണ്ടകളും കുറേനാൾ വിശ്രമത്തിലായിരുന്നു! മാസങ്ങൾക്കകം ഗർഭിണിയായ മരീറ്റ ഒരു രാത്രിയുറക്കത്തിൽ ശ്വാസം തടഞ്ഞ് ഞെട്ടിയുണരുമ്പോൾ കിടക്കയ്ക്കരികിൽ നിഴലനക്കം. കാസ്ട്രോയുടെ വിശ്വസ്തരിൽ ഒരാൾ മരീറ്റയുടെ കഴുത്തിനു കുത്തിപ്പിടിച്ച് വായിലേക്ക് ഒരു ദ്രാവകം ഒഴിച്ചുകൊടുത്തു. തൊണ്ടയിലൂടെ അഗ്നിജലം ഇറങ്ങിപ്പോകുന്നതുപോലെ തോന്നി. അലറിവിളിക്കണമെന്നുണ്ടായിരുന്നു, മരീറ്റയ്ക്ക്. ശബ്ദത്തിനു മീതേയ്ക്ക് ആ തീത്തൈലം ഒഴുകിനിറഞ്ഞു. ഗർഭപാത്രത്തിൽ ഒരു ശലഭജന്മം വെന്തെരിഞ്ഞു. മരീറ്റ പ്രതീക്ഷിച്ചിരുന്നതല്ല, ആ ഭ്രൂണഹത്യ. ചോദ്യവും ഉത്തരവുമില്ല, നിശബ്ദമായിക്കഴിഞ്ഞ നാലഞ്ചു ദിവസങ്ങൾക്കു ശേഷം ഹവാനാ ഹാമിൽട്ടണിൽ നിന്ന് മരീറ്റ പടിയിറങ്ങി- വീണ്ടുമൊരിക്കൽ, ഒരു പ്രണയനാടകത്തിന് അതേ മന്ദിരം വേദിയാകുമെന്നും, കൊലയാളിയുടെ വേഷത്തിൽ താൻ പുനരവതരിക്കുമെെന്നും അറിയാതെ! കൊലയാളിയായി രഹസ്യദൗത്യം ഫ്ളോറിഡയിൽ താമസമാക്കിയ മരീറ്റയുടെ ആദ്യ അന്വേഷണം, അമേരിക്കയിലെ കാസ്ട്രോ വിരുദ്ധ ഗ്രൂപ്പുകളെക്കുറിച്ചായിരുന്നു. കാസ്ട്രോയെ വധിക്കാൻ അമേരിക്ക തിരക്കഥ മെനഞ്ഞിരുന്ന കാലം. രഹസ്യാന്വേഷണ ഏജൻസിയായ സി.ഐ.എയുടെ കണ്ണ് മരീറ്റ എന്ന സുന്ദരിയിൽ പതിയാൻ തീരെ താമസമുണ്ടായില്ല. മരീറ്റയാകട്ടെ, കാസ്ട്രോയോടുള്ള പ്രതികാരത്തിന് വഴിതിരഞ്ഞു നടക്കുകയായിരുന്നു താനും. 1960-ൽ സി.ഐ.എയുടെ ഡീൽ ലളിതമായിരുന്നു: ക്യൂബയിലേക്കു പോവുക, ഹവാനാ ഹാമിൽട്ടണിൽ കാസ്ട്രോയുടെ പ്രണയിനിയായി വീണ്ടുമെത്തുക. എല്ലാ സാഹചര്യവും അനുകൂലമെന്ന് തോന്നുമ്പോൾ കൃത്യം നടപ്പാക്കുക! 'എങ്ങനെ?" സി.ഐ.എ ഉദ്യോഗസ്ഥർ മരീറ്റയുടെ കൈകളിലേക്ക് ഒരു വാനിറ്റി ബാഗ് വച്ചുകൊടുത്തു. വിഷം കലർത്തിയ ഗുളികകളുടെ ഒരു ചെറിയ പെട്ടി! ഭക്ഷണത്തിൽ കലർത്തി കൊടുക്കുക. ഒറ്റത്തവണയേ വേണ്ടിവരൂ. ഒരു പരിശോധനയിലും ഒന്നും തെളിയില്ല! കാസ്ട്രോയുടെ സംസ്കാരം കഴിഞ്ഞാലുടൻ, യു.എസിലേക്ക് മടങ്ങുക. കാസ്ട്രോയോടുള്ള രാഷ്ട്രീയ പ്രതികാരത്തിന് ഒരു ഭഗ്നപ്രണയിനിയെ കരുവാക്കിയ അമേരിക്കൻ തന്ത്രത്തിന്റെ നാണംകെട്ട കഥയെ, ചരിത്രം ഒരു അശ്ലീലകഥ പോലെ ആഘോഷിച്ചു. കാസ്ട്രോയ്ക്ക് അറിയാമായിരുന്നു, തന്റെ ചുരുട്ടിന്റെ ധൂമവലയത്തിൽ നിന്ന് മരീറ്റയ്ക്ക് ഒരിക്കലും മോചനമില്ലെന്ന്. ഇരുകൈകളും നീട്ടി അവളെ സ്വീകരിക്കുമ്പോൾ അയാൾ പറഞ്ഞു: 'ഒരിക്കൽ നീ ചോദിച്ചുവല്ലോ, നിനക്കായി ഞാൻ എന്താണ് ത്യജിക്കുകയെന്ന്! ഇപ്പോഴിതാ, എന്നോടുള്ള വിരോധം ത്യജിച്ച് നീ വീണ്ടും എന്റെ പ്രണയത്തിന് കീഴടങ്ങിയിരിക്കുന്നു." പക്ഷേ, ക്യൂബൻ രഹസ്യാന്വേഷണ വിഭാഗം മരീറ്റയുടെ രഹസ്യം അപ്പോഴേക്കും കാസ്ട്രോയുടെ ഓഫീസിൽ എത്തിച്ചുകഴിഞ്ഞിരുന്നു. കാസ്ട്രോയുടെ ശരീരത്തിനു കീഴെ ഓരോ തവണ അമർന്നുകിടക്കുമ്പോഴും മരീറ്റയുടെ മനസിൽ ആ ദൗത്യം മാത്രമായിരുന്നു. ഓരോ വേഴ്ചയ്ക്കു ശേഷവും, ക്രൂരമായ പ്രതികാരമനസോടെ എഴുന്നേല്ക്കെ കാസ്ട്രോയും അത് പറഞ്ഞുറപ്പിച്ചു: ചിത്രശലഭമേ, നിനക്ക് അതിനു കഴിയില്ല! തോറ്റുപോയ രഹസ്യം
ഒടുവിൽ ഒരു ദിവസം, വാശിയോടെയെന്നതു പോലെ മരീറ്റയെ വീണ്ടും വീണ്ടും കീഴ്പ്പെടുത്തിയ രാത്രിയിൽ അയാൾ ഒരു കൈത്തോക്ക് അവളുടെ കൈകളിലേക്ക് വച്ചുകൊടുത്തു: 'നീ ബാഗിൽ കൊണ്ടുനടക്കുന്ന വിഷം എനിക്ക് ഭക്ഷണത്തിൽ കലർത്തി നല്കുന്നതിലും എത്രയോ എളുപ്പമാണ്, ഇതിന്റെ കാഞ്ചിയിൽ വിരലമർത്തുക എന്നത്. നിനക്ക് അതിനു കഴിയുമെങ്കിൽ ഈ നിമിഷത്തിൽ ആകാം!" മരീറ്റ മുട്ടുകുത്തി: 'ക്യൂബയുടെ ചക്രവർത്തിക്കു മുന്നിൽ ഞാൻ തോറ്റുപോയിരിക്കുന്നു. പക്ഷേ, അത് എന്റെ രഹസ്യം വെളിപ്പെട്ടുപോയതുകൊണ്ടോ, ഞാൻ കയ്യോടെ പിടിക്കപ്പെട്ടതുകൊണ്ടോ അല്ല! പിന്നെയോ, നിന്നോടുള്ള പ്രണയത്തിന്റെ ഖനിയിൽ നിന്ന് ഒരിക്കലും മോചനമില്ലെന്ന് തിരിച്ചറിയുന്നതുകൊണ്ടു മാത്രം. ഇതാ, വെറുമൊരു ശലഭം മാത്രമായി ഞാൻ നിന്റെ ശയ്യയെ പുല്കുന്നു!" വീണ്ടും ഒരിക്കൽക്കൂടി മരീറ്റ ലോറൻസ് വാർത്തകളിൽ നിറഞ്ഞത്, അമേരിക്കൻ പ്രസിഡന്റ് ജോൺ എഫ്. കെന്നഡിയുടെ വധവുമായി ബന്ധപ്പെട്ട ഗൂഢാലോചനകളുടെ വെളിപ്പെടുത്തലുകളിലൂടെ ആയിരുന്നു! ആറുവർഷം മുമ്പ് 2019-ൽ, തൊണ്ണൂറാം വയസിൽ മരണത്തിലേക്കു മടങ്ങുംവരെ തുറന്നുപറച്ചിലുകളുടെ രാജ്ഞിയായി മരീറ്റ ഇടയ്ക്കിടെ മാദ്ധ്യമങ്ങളുടെ കൗതുകം തിളപ്പിച്ചു. കാസ്ട്രോ എന്ന പ്രണയ സമുദ്രത്തിനു മീതെ മാത്രം ചിറകുവിരിച്ച ശലഭമായിരുന്നില്ല, മരീറ്റ ലോറൻസ്. കാസ്ട്രോയെ കൊലപ്പെടുത്താൻ മരീറ്റയെ ദൗത്യമേല്പിച്ച സി.ഐ.എ ഏജന്റുമാരായ ഫ്രാങ്ക് സ്റ്റർഗിസ്, ഹോവാർഡ് ഹണ്ട്, വെനിസ്വേലൻ സ്വേച്ഛാധിപതി മാർകോസ് പെരസ് ജിമിനെസ്... ഒരുപാട് പുരുഷ ശരീരങ്ങൾക്കു മേൽ പറന്നിരുന്നിട്ടും, മരണംവരെ അവൾ ഓർത്തുവച്ചിരുന്ന പ്രണയാനുഭവത്തിന് ഫിഡൽ കാസ്ട്രോയുടെ ചുരുട്ടിന്റെ ഗന്ധമായിരുന്നു. ആ ഗന്ധത്തിന്റെ ധൂമച്ചുഴിയിൽ പ്രണയഹത്യ വരിച്ച പെൺശലഭങ്ങളുടെ നിര ചെറുതായിരുന്നില്ല താനും!