രണ്ടാമൂഴം സിനിമയാകുന്നു? സംവിധാനം ചെയ്യുന്നത് ഋഷഭ് ഷെട്ടി; വിവരങ്ങൾ പുറത്ത്

Friday 02 January 2026 6:32 PM IST

മലയാള സാഹിത്യചരിത്രത്തിലെ ഐതിഹാസിക സൃഷ്‌ടിയാണ് രണ്ടാമൂഴം. എം ടി വാസുദേവൻ നായരുടെ തൂലികയിൽ പിറന്ന രണ്ടാമൂഴം മഹാഭാരതത്തിലെ ഭീമനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയതാണ്. രണ്ടാമൂഴം സിനിമയാകുമെന്ന വാർത്തകൾ വരാൻ തുടങ്ങിയിട്ട് കൂറെയായി.

ഇപ്പോഴിതാ ഇത് സംബന്ധിച്ച് പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്. കന്നഡ നടനും സംവിധായകനുമായ ഋഷഭ് ഷെട്ടി രണ്ടാമൂഴം സംവിധാനം ചെയ്യുമെന്നാണ് പുതിയ വിവരം. എന്നാൽ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ വന്നിട്ടില്ല.

എം ടിയുടെ താൽപര്യപ്രകാരം ഋഷഭ് ഷെട്ടിയുമായി ഒന്നരവർഷം മുൻപായിരുന്നു ഇത് സംബന്ധിച്ച് ചർച്ചകൾ നടന്നതെന്നാണ് റിപ്പോർട്ട്. ഈ വർഷം സിനിമ സംബന്ധിച്ച് പ്രഖ്യാപനം കാണുമെന്നാണ് കരുതുന്നത്. ഇടക്കാലത്ത് രണ്ടാംമൂഴം സിനിമയാകുന്നത് സംബന്ധിച്ച് സംവിധായകൻ ശ്രീകുമാർ മേനോനുമായി കരാർ ഒപ്പിട്ടിരുന്നെങ്കിലും നിർമാണ പ്രവർത്തനങ്ങൾ നീണ്ടുപോയതിനാൽ എംടി കരാറിൽ നിന്ന് പിൻവാങ്ങുകയും തിരക്കഥ തിരിച്ചുവാങ്ങുകയും ചെയ്തു.

മുൻപ് കഥയിലെ ഭീമന്റെ കഥാപാത്രം മോഹൻലാൽ ചെയ്യുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇനി ചിത്രം ഋഷഭ് ഷെട്ടിയാണ് ചെയ്യുന്നതെങ്കിൽ ആരാകും ഭീമൻ എന്നാണ് സിനിമാ പ്രേമികൾ അന്വേഷിക്കുന്നത്. ഏറെ താമസിയാതെ ഋഷഭ് കോഴിക്കോട്ടെത്തുമെന്നും ശേഷം എംടിയുടെ കുടുംബവുമായി ചേർന്ന് സിനിമയുടെ പ്രഖ്യാപനം നടത്തുമെന്നുമാണ് അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.