'ആർ ശ്രീലേഖയെ തുറുങ്കിലടയ്‌ക്കണമെന്ന് ആവശ്യപ്പെട്ടിട്ടില്ല, പരാതി രാഷ്‌ട്രീയവത്കരിക്കുന്നത് ചട്ടലംഘനം മറയ്‌ക്കാൻ'

Friday 02 January 2026 6:36 PM IST

തിരുവനന്തപുരം: ശാസ്തമംഗലം കൗൺസിലർ ആർ ശ്രീലേഖയ്‌ക്കെതിരെ നൽകിയ പരാതിയിൽ വ്യക്തത വരുത്തി പരാതിക്കാരൻ അഡ്വ. കുളത്തൂർ ജയ്‌സിംഗ്. കൗൺസിലർ നടത്തിയ ചട്ടലംഘനം മാത്രമാണ് താൻ മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ചൂണ്ടിക്കാട്ടിയതെന്നും ഇതിൽ ശ്രീലേഖ നടത്തുന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ആർ ശ്രീലേഖയെ അറസ്റ്റ് ചെയ്‌ത് തുറുങ്കിലടയ്‌ക്കാൻ പരാതിയിൽ ആവശ്യപ്പെട്ടിട്ടില്ല. പരാതി അന്വേഷിക്കാൻ ഡിജിപിയ്‌ക്ക് കൈമാറിയ നടപടിക്രമത്തിൽ ശ്രീലേഖ അസ്വസ്ഥപ്പെടേണ്ടതില്ല. മുഖ്യമന്ത്രിക്ക് പരാതിനൽകുന്നവരെല്ലാം കമ്മ്യൂണിസ്റ്റുകാരല്ലെന്ന് പരാതിക്കാരൻ വ്യക്തമാക്കി. ശ്രീലേഖ ഓലപ്പാമ്പായിചിത്രീകരിക്കുന്നത് തെറ്റായ അനുഭവത്തിന്റെ അടിസ്ഥാനത്തിലാകും. തിരുവനന്തപുരം കോർപറേഷൻ ശാസ്‌തമംഗലം ഹെൽത്ത് ഇൻസ്‌പെക്‌ടർ കാര്യാലയം പ്രവർത്തിക്കുന്നത്. ഇവിടെ ഓരോ മുറി എംഎൽഎയും കൗൺസിലറും സ്വന്തമാക്കി. 2020-2025 കാലയളവിൽ ഇടത് കൗൺസിലർക്ക് ഹെൽത്ത് ഇൻസ്‌പെക്‌ടർ കാര്യാലയത്തിൽ ഓഫീസുണ്ടെങ്കിൽ തനിക്കും ഉണ്ടെന്ന വാദം തുല്യനീതിക്കും മാനദണ്ഡത്തിനും എതിരാണെന്ന് കുളത്തൂർ ജയ്‌സിംഗ് പറയുന്നു. ശ്രീലേഖയ്‌ക്ക് ഓഫീസ് തുറക്കണമെങ്കിൽ കോർപറേഷൻ കൗൺസിൽ അനുമതി നൽകേണ്ടതുണ്ട്. അനുമതിയ്ക്ക് മുൻപ് കെട്ടിടത്തിൽ കയറി ബോർഡുവച്ച് ഓഫീസ് തുറന്നത് കൈയേറ്റത്തിന്റെ ഭാഗമായിട്ടേ കാണാനാകൂ. ഡിസംബർ 31ന് എംഎൽഎ ഓഫീസ് ഒഴിപ്പിച്ച് കൗൺസില‌‌ർ ഓഫീസ് തുടങ്ങാനും കോർപറേഷൻ ചുമതലപ്പെടുത്തിയ രേഖ പുറത്തുവിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.