രൺവീർ V/s യഷ്; ധുരന്ദർ 2, ടോക്സിക് എന്നീ ചിത്രങ്ങൾ മാർച്ച് 19ന്
ബോളിവുഡ് താരം രൺവീർ സിംഗിന്റെ ധുരന്ദർ 2, യഷിന്റെ ടോക്സിക് എന്നീ ചിത്രങ്ങൾ മാർച്ച് 19ന് നേരിട്ട് ഏറ്റുമുട്ടാൻ ഒരുങ്ങുന്നു. ആരാധകലോകം ആവേശത്തോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് ധുരന്ദറിന്റെ രണ്ടാം ഭാഗവും ഗീതു മോഹൻദാസ് രചനയും സംവിധാനവും നിർവഹിച്ച ടോക്സിക് എ ഫെയിടെയിൽ ഫോർ ഗ്രോൺ അപ്സും . ഒരേസമയം കന്നടയിലും ഇംഗ്ളീഷുമാണ് ടോക്സിക് ഒരുങ്ങുന്നത്.
രൺവീർ സിംഗിന്റെ ധുരന്ദർ 2 ഉം പാൻ ഇന്ത്യൻ ചിത്രമാണ്. 1000 കോടി കടന്ന ധുരന്ദർ ആദിത്യധർ രചനയും സംവിധാനവും നിർവഹിക്കുന്നു. രൺവീർ സിംഗിന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം സമ്മാനിച്ച സിനിമയാണ് ധുരന്ദർ. സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ. മാധവൻ, അർജുൻ ഗോപാൽ. നായിക സാറ അർജുൻ എന്നിവർ രണ്ടാം ഭാഗത്തിലും ഉണ്ടാകുമെന്നാണ് വിവരം.
കെ.ജി.എഫ് എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനുശേഷം എത്തുന്ന യഷ് സിനിമയാണ് ടോക്സിക്, യഷ് ആരാധകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രവും. നയൻതാര, കിയാര അദ്വാനി, ഹുമ ഖുറേഷി, സായ് പല്ലവി ഉൾപ്പെടെ നാല് നായികമാർ അണി നിരക്കുന്നു. മലയാള താരം സുദേവ് നായർ താരനിരയിലുണ്ട്.
കെ.വി.എൻ പ്രൊഡക്ഷൻസിന്റെയും മോൺസ്റ്റാർ മൈൻഡ് ക്രിയേഷൻസിന്റെയും ബാനറിൽ ആണ് നിർമ്മാണം. രാജീവ് രവി ഛായാഗ്രഹണം നിർവഹിക്കുന്നു.