ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം

Saturday 03 January 2026 12:47 AM IST

നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ സുരക്ഷാ വീഴ്ചയെന്ന് ആക്ഷേപം. കാലപ്പഴക്കം ചെന്ന പഴയ കെട്ടിടങ്ങൾ പൊളിച്ചുനീക്കി പുതിയത് നിർമ്മിക്കുന്നതിന് പകരം, ബലക്ഷയമുള്ള കെട്ടിടങ്ങൾക്ക് മുകളിൽ വീണ്ടും നിർമ്മാണം നടത്തുന്നതാണ് അപകടക്കെണിയാകുന്നത്.

ഒറ്റനില നിർമ്മിക്കാനാവശ്യമായ അടിത്തറയുള്ള പ്രധാന കെട്ടിടത്തിന് മുകളിലായാണ് പുതിയ നില പണിയുന്നത്. ​പഴയ കെട്ടിടത്തിന്റെ ബലത്തെക്കുറിച്ച് യാതൊരു പരിശോധനയും നടത്താതെയാണ് പുതിയ നിർമ്മാണങ്ങൾ നടക്കുന്നത്.

പ്രധാന കെട്ടിടത്തിന് സമീപത്തായി റൂറൽ ഹെൽത്ത് മിഷന്റെ ഫണ്ട് ഉപയോഗിച്ച് 14 കോടി രൂപ ചെലവിട്ട് നാലുനില കെട്ടിടം പണിതെങ്കിലും രണ്ട് നിലകൾ മാത്രമേ ഇപ്പോൾ ഉപയോഗിക്കുന്നുള്ളൂ.നിർമ്മാണപ്പിഴവ് കാരണം തകർന്ന് വീഴാവുന്ന ഈ കെട്ടിടത്തിലാണ് നൂറുകണക്കിന് രോഗികളും ജീവനക്കാരും കഴിയുന്നത്.

ജീവനക്കാർ കുറവ്

ദിവസവും എണ്ണൂറിൽ കൂടുതൽ രോഗികൾ ചികിത്സയ്ക്കെത്തുന്ന ഇവിടെ 14 ഡോക്ടർമാരാണുള്ളത്.ചിലർ ലീവിലായാൽ ഡോക്ടർമാരുടെ എണ്ണം പിന്നേയും കുറയും. ഫോറൻസിക് ഡോക്ടറുടെയും റേഡിയോളജിസ്റ്റ് ഡോക്ടറുടെയും പുതിയ തസ്തികകൾ സൃഷ്ടിച്ചതായി കെ.ആൻസലൻ എം.എൽ.എ പറയുന്നു. ഫോറൻസിക് ഡോക്ടറിന്റെ കുറവുകാരണം പല മൃതദേഹങ്ങളും നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കുന്ന പതിവ് ഇനി മാറുമത്രേ.

ഇത്രയധികം തിരക്കുള്ള ആശുപത്രിയിൽ 5 പേർ മാത്രമേ സെക്യൂരിറ്റി ജീവനക്കാരായുള്ളൂ. ഇവരിൽ പലരും ഡബിൾ ഡ്യൂട്ടിയെടുക്കേണ്ട സ്ഥിതിയാണ്.