രണ്ടാംമൂഴത്തിൽ ഭീമൻ ഋഷഭ് ഷെട്ടി

Saturday 03 January 2026 6:57 AM IST

ഔദ്യോഗിക പ്രഖ്യാപനം

ഉടൻ

മലയാള നോവൽ സാഹിത്യ ചരിത്രത്തിലെ ഇതിഹാസമായ എം.ടി.വാസുദേവൻ നായരുടെ രണ്ടാമൂഴം സിനിമയായി ഒരുങ്ങുമ്പോൾ കേന്ദ്ര കഥാപാത്രമായ ഭീമനെ അവതരിപ്പിക്കുന്നത് കാന്താരയിലൂടെ മലയാളികൾക്കും പ്രിയങ്കരനായ ഋഷഭ് ഷെട്ടി. ഒരേ സമയം മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നതും ഋഷഭ് ഷെട്ടിയായിരിക്കുമെന്നാണ് വിവരം. കാന്താര സീരിസ് സംവിധാനം ചെയ്തതും ഋഷഭ് ഷെട്ടി ആണ്. ഹോംബാലെ ഫിലിംസായിരിക്കും നിർമ്മാണം. കാന്താരയുടെ നിർമ്മാതാക്കളാണ് കന്നടയിലെ പ്രമുഖ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസ്. കാന്താര ചാപ്ടർ 1 റിലീസായി 3 മാസങ്ങൾക്കകം രണ്ടാമൂഴത്തിന്റെ ജോലികളിലേക്ക് കടക്കാമെന്ന് ഋഷഭ് ഷെട്ടി കരാറൊപ്പിട്ടിട്ടുണ്ടെന്നാണ് സൂചന. ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകും.

രണ്ടാമൂഴം നേരത്തെ ശ്രീകുമാർ മേനോൻ സിനിമയാക്കാനാലോചിച്ചിരുന്നെങ്കിലും പിന്നീട് അഭിപ്രായ വ്യത്യാസങ്ങൾ കാരണം എം.ടി. തിരക്കഥ തിരികെ വാങ്ങിയിരുന്നു. കന്നട സിനിമാചരിത്രത്തിന്റെ ഗതി മാറ്റിയ ചിത്രം ആണ് കാന്താര സീരിസ്. അതേസമയം വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമിട്ടു എത്തിയ കാന്താര : ചാപ്ടർ 1 ചരിത്ര വിജയം നേടിയപ്പോൾ വലിയ അഭിനന്ദനം നേടിയത് ഋഷഭ് ഷെട്ടിയുടെ പ്രകടനത്തിന് തന്നെയായിരുന്നു. നായികയായി എത്തിയ രുക്‌മിണി വസന്ത് മികച്ച പ്രകടനം കാഴ്ചവച്ചു.ഋഷഭ് ഷെട്ടി തിരക്കഥയെഴുതി സംവിധാനം ചെയ്ത കാന്താരയുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബഡ്‌ജറ്റിൽ ആണ് ഒരുക്കിയത്. കാന്താരയുടെ രണ്ടാം ഭാഗത്തിനുശേഷം മറ്റൊരു ചിത്രം ഋഷഭ് ഷെട്ടി കമ്മിറ്റ് ചെയ്തിട്ടില്ല. 2025 ഒക്ടോബർ 2ന് റിലീസ് ചെയ്ത കാന്താര : ചാപ്ടർ 1 ആഗോള ബോക്സ് ഓഫീസിൽ 900 കോടി നേടി. അരവിന്ദ് എസ്. കശ്യപ് ഛായാഗ്രഹണവും ബി. അജനീഷ് ലോകനാഥ് സംഗീതവും ഒരുക്കി.