ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച് ഹിന്ദുമഹാസഭ നേതാവ്
ലക്നൗ: ബംഗ്ലാദേശ് ക്രിക്കറ്റ് താരം മുസ്തഫിസൂർ റഹ്മാനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വാങ്ങിയതിനെ ചൊല്ലിയുള്ള വിവാദം തുടരുന്നു. കെ.കെ,ആർ ടീം ഉടമകളിലൊരാളായ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാന്റെ നാവ് അരിയുന്നവർക്ക് ഒരു ലക്ഷം രൂപ പാരിതോഷികം പ്രഖ്യപിച്ച് ഹിന്ദുമഹാസഭാ നേതാവ് രംഗത്തെത്തെി. അഖിലേന്ത്യാ ഹിന്ദുമഹാസഭയുടെ മുൻ ആഗ്ര ജില്ലാ പ്രസിഡന്റ് മീര താക്കൂറാണ് പ്രസ്താവനയിറക്കിയത്. നമ്മുടെ ഹിന്ദു സഹോദരൻമാർ ബംഗ്ലാദേശിൽ ജീവനോടെ കത്തിക്കപ്പെടുന്നു. എന്നിട്ടും അദ്ദേഹം അവിടെ നിന്ന് കളിക്കാരെ വാങ്ങുന്നു. ഞങ്ങൾ ഇത് അനുവദിക്കില്ല എന്നും മീര താക്കൂർ പറഞ്ഞു. ഹിന്ദു മഹാസഭാ പ്രവർത്തകർ ഷാരൂഖ് ഖാന്റെ പോസ്റ്ററുകളിൽ കരി ഓയിൽ ഒഴിക്കുകയും ചെരിപ്പു കൊണ്ട് അടിക്കുകയും ചെയ്തു.
അയോദ്ധ്യിയിൽ നിന്ന് ഉൾപ്പെടെ മറ്റ് സ്ഥലങ്ങളിലെ സന്യാസിമാരും ബംഗ്ലാദേശ് താരത്തെ ഐ.പി.എൽ ടീമിൽ ഉൾപ്പെടുത്തിയതിനെ വിമർശിച്ചു. ഷാരൂഖ് ഒരു ഹീറോയല്ല, വ്യക്തിത്വമില്ലാത്ത ആളാണെന്ന് സ്വാമി രാംഭദ്രാചാര്യ പറഞ്ഞു. ഷാരൂഖ് ഖാന്റെ പ്രശസ്തി രാജ്യത്തെ ജനങ്ങൾ കാരണമാണ്. അദ്ദേഹം ജനങ്ങളുടെ വികാരങ്ങളെ മാനിക്കണമെന്ന് അഖിലേന്ത്യ അഖാഡ പരിഷത്ത് പ്രസിഡന്റ് മഹന്ത് രവീന്ദ്ര പുരി പറഞ്ഞു.
ഷാരൂഖ് ഖാൻ രാജ്യ്യദ്രോഹിയാണെന്നും രാജ്യം വിട്ടുപോകണമെന്നുംഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് രാജ്യദ്രോഹികൾക്ക് ഒരു കുറവുമില്ല. അവർക്കെതിരെ നടപടിയെടുത്തില്ലെങ്കിൽ അവർ രാജ്യത്തെ അപകീർത്തിപ്പെടുത്തുകയും ചെയ്യുന്നത് തുടരുമെന്നും സംഗീത് സോം ആരോപിച്ചിരുന്നു.