ഭാര്യയെയും, മക്കളെയും കാണണം : ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ശ്രമം
കോട്ടയം : അകന്നുകഴിയുന്ന ഭാര്യയെയും, മക്കളെയും കാണണമെന്നാവശ്യപ്പെട്ട് ടവറിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ ഇടപെടലിൽ താഴെയിറക്കി. ആർപ്പൂക്കര തൊണ്ണംകുഴി സ്വദേശിയായ ഷബീർ (34) ആണ് ആത്മഹത്യാശ്രമം നടത്തിയത്. ഇന്നലെ വൈകിട്ട് 4.30 ഓടെ മെഡിക്കൽ കോളേജ് ബസ് സ്റ്റാൻഡിന് എതിർവശത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ പ്രവർത്തിക്കുന്ന മൊബൈൽ ടവറിലായിരുന്നു സംഭവം. മരം വെട്ട് തൊഴിലാളിയായ ഷബീറിന്റെ മദ്യപാനത്തെ തുടർന്ന് ഭാര്യയും മക്കളും മാറിത്താമസിക്കുകയാണ്. വിവരം അറിഞ്ഞ് ഗാന്ധിനഗർ എസ്.എച്ച്.ഒ ടി.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും, കോട്ടയം അഗ്നിശമനസേനയും സ്ഥലത്തെത്തി. നിരവധിത്തവണ താഴെയിറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ ഇറങ്ങിയില്ല. തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് പഞ്ഞിക്കാരൻ താഴെ ഇറങ്ങി വന്നാൽ ഭാര്യയെയും മക്കളെയും കൊണ്ടുവന്ന് കാണിക്കാമെന്ന് ഉറപ്പ് നൽകി. ഇതോടെയാണ് ഷബീർ താഴെയിറങ്ങിയത്. പിന്നീട് ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി താക്കീത് നൽകി വിട്ടയച്ചു.