കുഷ്ഠരോഗ നിർണ്ണയ ഭവനസന്ദർശന യജ്ഞം 'അശ്വമേധം' ഏഴു മുതൽ

Saturday 03 January 2026 12:37 AM IST

കോട്ടയം : ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന കുഷ്ഠരോഗ നിർണയ ഭവന സന്ദർശന യജ്ഞം 'അശ്വമേധം' ഏഴാം ഘട്ടം ഏഴു മുതൽ 20 വരെ നടക്കും. കുഷ്ഠരോഗം തിരിച്ചറിയാത്തതു മൂലം ചികിത്സ ലഭിക്കാതെ കഴിയുന്നവരെ കണ്ടെത്തി ചികിത്സ നൽകുകയാണ് ലക്ഷ്യം. ആശാപ്രവർത്തകർ, പരിശീലനം ലഭിച്ച വോളണ്ടിയർമാർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ അഞ്ചരലക്ഷത്തിലധികം വരുന്ന വീടുകൾ സന്ദർശിച്ച് പരിശോധന നടത്തും. ഒരു ആശാ പ്രവർത്തകയും ഒരു വോളണ്ടിയറും ചേർന്ന് ഒരു ദിവസം 21 വീടുകൾ സന്ദർശിക്കും. മൂവായിരം വോളണ്ടിയർമാർക്ക് പരിശീലനം നൽകി. ഹെൽത്ത് ഇൻസ്‌പെക്ടർമാർ, പബ്ലിക് ഹെൽത്ത് നഴ്സുമാർ എന്നിവർ മേൽനോട്ടം വഹിക്കും. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാർ നേതൃത്വം നൽകും. ലക്ഷണങ്ങൾ കണ്ടെത്തിയാൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കും. എല്ലാ സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലും സൗജന്യ ചികിത്സ ലഭ്യമാണെന്ന് ജില്ലാ ലെപ്രസി ഓഫീസർ ഡോ. സി.ജെ. സിത്താര അറിയിച്ചു.

ഈ വർഷം 23 രോഗികൾ

രോഗത്തിന് ജില്ലയിൽ കുറവില്ല. ഈ വർഷം 23 പേരിൽ കണ്ടെത്തി. തൊലിപ്പുറത്ത് കാണുന്ന നിറം മങ്ങിയതോ ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, കട്ടികൂടിയതും തിളക്കമുള്ളതുമായ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിൽ മരവിപ്പ്, വൈകല്യങ്ങൾ, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയാണ് ലക്ഷണങ്ങൾ. തുടക്കത്തിൽ ചികിത്സിച്ചാൽ വൈകല്യങ്ങൾ പൂർണമായും മാറ്റാം. മറ്റുള്ളവരിലേക്ക് പകരുന്നതും തടയാനുമാകും. ഒരു വർഷം വരെയുള്ള ചികിത്സയിലൂടെ സുഖം പ്രാപിക്കും.