ഇ.വി.എം, വിവി പാറ്റ് പരിശോധന ഇന്ന്
കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളുടെയും (ഇ.വി.എം) വിവിപാറ്റുകളുടെയും ഒന്നാം ഘട്ട പരിശോധന (എഫ്.എൽ.സി) ജനുവരി മൂന്നിന് രാവിലെ ഒൻപത് മണി മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോമ്പൗണ്ടിലെ ഇ.വി.എം വെയർ ഹൗസിൽ ആരംഭിക്കും. ഓരോ തിരഞ്ഞെടുപ്പിനും മുമ്പ്, തിരഞ്ഞെടുപ്പിൽ ഉപയോഗിക്കേണ്ട ഇവിഎമ്മുകളുടെയും വിവിപാറ്റുകളുടെയും പരിശോധന ബന്ധപ്പെട്ട നിർമ്മാതാവിന്റെ അംഗീകൃത എൻജിനീയർമാർ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറുടെ മേൽനോട്ടത്തിലാണ് നടത്തുന്നത്. എഫ്.എൽ.സി പാസായ ഇവിഎമ്മുകളും വിവിപാറ്റുകളും മാത്രമേ തിരഞ്ഞെടുപ്പിൽ ഉപയോഗിക്കുകയുള്ളൂ. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ വെബ്‌സൈറ്റിലെ ഇ.വി.എം മാനുവലിലെ നിർദ്ദേശമനുസരിച്ചായിരിക്കും പരിശോധന. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, ചീഫ് ഇലക്ടറൽ ഓഫീസർ, ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്നീ തലങ്ങളിൽ എഫ്.എൽ.സി പ്രക്രിയ നിരീക്ഷിക്കപ്പെടും അംഗീകൃത രാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.