അരിയുണ്ടോ? 10 മിനിട്ടിൽ കിടിലൻ മുറുക്ക് റെഡി; ഉണ്ടാക്കാനും എളുപ്പം

Friday 02 January 2026 9:13 PM IST

ചായയ്ക്കൊപ്പം എന്ത് പലഹാരം ഉണ്ടാകുമെന്ന് സംശയിച്ചിരിക്കുകയാണോ? മുറുക്ക് ഇഷ്ടമല്ലാത്തവർ വളരെ കുറവാണ്. കറുമുറെ കഴിക്കാൻ പറ്റിയ നല്ല കിടിലൻ അരിമുറുക്ക് ഒന്ന് ട്രെെ ചെയ്താലോ? വീട്ടിൽ ഉണ്ടാകാനും വളരെ എളുപ്പമാണ്. എങ്ങനെ അരിമുറുക്ക് ഉണ്ടാക്കാമെന്ന് നോക്കാം. ആവശ്യമായ സാധനങ്ങൾ

  1. അരിപ്പൊടി - രണ്ടു കപ്പ്‌
  2. ഉഴുന്നുപൊടി - ഒരു കപ്പ്‌
  3. നെയ്യ് - രണ്ടു സ്‌പൂൺ
  4. ഉപ്പ് ആവശ്യത്തിന്
  5. കറുത്ത എള്ള് - ഒരു സ്പൂണ്‍
  6. ജീരകം- ഒരു സ്പൂണ്‍
  7. ഇടിയപ്പ നാഴി
  8. എണ്ണ

തയ്യാറാക്കുന്ന വിധം

ഇതിനായി ആദ്യം അരിപ്പൊടി വറുത്തെടുക്കുക. ശേഷം ഉഴുന്നുപൊടിയും വറുത്തെടുക്കാം ( ചെറിയ സ്വർണ നിറം ആകുന്നത്‌ വരെ വറുക്കണം). അരിപ്പൊടി, ഉഴുന്നുപൊടി, നെയ്യ്, ഉപ്പ്, ജീരകം, എള്ള് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കണം. ഇതിലേക്ക് തിളച്ചവെള്ളം ഒഴിച്ച് കുഴയ്ക്കാം. വെള്ളം കൂടിപോകാതെ തളിച്ച് ഇളക്കണം. ഇടിയപ്പത്തിന്റെ മാവിന്റെ പാകം ആണ് മാവിന് വേണ്ടത്. ഇനി അടുപ്പിൽ ചുവട് കട്ടിയുള്ള പത്രം വച്ച് എണ്ണ ഒഴിച്ച് ചൂടാക്കാം. അപ്പോഴേക്കും ഇടിയപ്പ നാഴിയിൽ മാവ് നിറച്ച് പ്രസ്‌ ചെയ്യുക. എണ്ണ ചൂടായികഴിഞ്ഞാൽ അതിലേക്കു മുറുക്കിന്റെ രൂപത്തിൽ മാവ് പ്രസ്‌ ചെയ്ത് ഇടുക. തിരിച്ചുമറിച്ചുമിട്ട് മൂപ്പിച്ച് കോരിയെടുക്കുക. നല്ല കിടിലൻ അരിമുറുക്ക് റെഡി.