വാമനപുരം പഴയപാലം ചരിത്ര സ്മാരകമാക്കണം
വാമനപുരം: വാമനപുരം നദിക്ക് കുറുകെ വാമനപുരത്തെയും കാരേറ്റിനെയും തമ്മിൽ ബന്ധിപ്പിച്ചിരുന്ന വാമനപുരം പഴയപാലം,ചരിത്ര സ്മാരകമാക്കണമെന്ന ആവശ്യം ശക്തം. ഒരുകാലത്ത് കാടുകയറിയും കൈവരികൾ തുരുമ്പിച്ചും നാശത്തിന്റെ വക്കിലായിരുന്ന പാലത്തെക്കുറിച്ച് കേരള കൗമുദി വാർത്ത നൽകിയിരുന്നു.തുടർന്ന് പി.ഡബ്ല്യു.ഡിയുടെ ബ്രിഡ്ജ് ആൻഡ് വാൾ വിഭാഗം പാലത്തെ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചു. എന്നാൽ അധികൃതരുടെ അവഗണനമൂലം വീണ്ടും പാലം നാശത്തിന്റെ വക്കിലാണ്.
വർദ്ധിച്ച വാഹനത്തിരക്കും, പാലത്തിന്റെ വീതിക്കുറവ്,കാലപ്പഴക്കം എന്നിവയൊക്കെക്കൊണ്ട് സമാന്തരമായി പുതിയ പാലം നിർമ്മിച്ചതോടെയാണ്,പഴയ പാലം വിസ്മൃതിയിലായത്.
ബ്രിട്ടീഷ് ഭരണത്തിന്റെ അവശേഷിപ്പായി നിലകൊള്ളുന്ന ഈ പാലം ചരിത്ര വിദ്യാർത്ഥികൾക്കും, ചരിത്ര ഗവേഷകർക്കും ഉപയോഗപ്പെടുത്താവുന്ന ഒന്നാണ്. പാലത്തെ പുരാവസ്തുവകുപ്പ് ഏറ്റെടുത്ത് പൈതൃക സ്വത്തായി കണക്കാക്കണമെന്നാണ് നാട്ടുകാരുടെയും ചരിത്ര വിദ്യാർത്ഥികളുടെയും ആവശ്യം.
ചരിത്രം 1835ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പണികഴിപ്പിച്ചു.1935ൽ ബ്രിട്ടീഷ് എൻജിനിയർമാരുടെ നേതൃത്വത്തിൽ പുനഃനിർമ്മിച്ചു.
വിള്ളൽ കണ്ടെത്തിയതിനെ തുടർന്ന് വാഹനഗതാഗതം പൂർണമായും നിറുത്തി
ഇപ്പോൾ സന്ധ്യ കഴിഞ്ഞാൽ മദ്യപന്മാരുടെയും സാമൂഹിക വിരുദ്ധരുടെയും കേന്ദ്രം
ആധുനികകാലത്ത് പണികഴിപ്പിച്ച പല പാലങ്ങളും തകർന്ന് പുതിയത് നിർമ്മിച്ചപ്പോഴും കാലപ്പഴക്കം ഒഴിച്ച് മറ്റ് കേടുപാടുകൾ ഒന്നുമില്ലാതെ നിലകൊള്ളുന്ന ഈ പാലം ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ എൻജിനീയറിംഗ് വൈദഗ്ദ്ധത്തിന് ഉത്തമ ഉദാഹരണമാണ്.