പുലിപ്പേടിയിൽ ചതിരൂരിൽ അടിയന്തരയോഗം

Friday 02 January 2026 9:56 PM IST

ഇരിട്ടി : ആറളം പഞ്ചായത്തിലെ ചതുരൂർ നീലായി മേഖലകളിൽ വീണ്ടും പുലിയുടെ സാന്നിധ്യമുണ്ടായതോടെ ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ശോഭയുടെ അദ്ധ്യക്ഷതയിൽ ജനപ്രതിനിധികളുടേയും വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ അടിയന്തര യോഗം ചേർന്നു. പുലിയെ പിടികൂടി ജനങ്ങളുടെ ആശങ്ക അകറ്റണമെന്ന് യോഗത്തിൽ പ്രസിഡന്റ് ആവശ്യപ്പെട്ടു. പ്രദേശത്ത് രണ്ട് ക്യാമറകൾ സ്ഥാപിക്കുമെന്ന് വനംവകുപ്പ് ഉറപ്പ് നൽകിയിട്ടുണ്ട്.

കഴിഞ്ഞ ദിവസങ്ങളിൽ രണ്ട് വളർത്തു നായകളെ പുലി പിടികൂടിയതോടെയാണ് നാട്ടുകാർ വീണ്ടും ആശങ്കയിലായത്. കഴിഞ്ഞ വർഷം ഇതെ സമയത്ത് സമീപപ്രദേശമായ നീലായിയിൽ വളർത്തുനായയെ പുലി പിടികൂടിയതിനെ തുടർന്ന് വനംവകുപ്പ് കൂടു സ്ഥാപിച്ചിരുന്നു. എന്നാൽ പുലി കെണിയിൽ വീണിരുന്നില്ല

കാമറകൾ സ്ഥാപിക്കാമെന്ന് ഇന്നലെ ചേർന്ന യോഗത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെങ്കിലും കൂടു സ്ഥാപിക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം.എന്നാൽ വന്യമൃഗം ഏതെന്ന് അറിഞ്ഞാൽ മാത്രമെ കൂട് സ്ഥാപിക്കാൻ സാധിക്കുകയുള്ളുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വനാതിർത്തിയിലെ അടിക്കാടുകൾ വെട്ടിക്കളയാനും യോഗം തീരുമാനിച്ചു. വൈസ് പ്രസിഡന്റ് ജിമ്മി അന്തീനാട്ട്, പഞ്ചായത്ത് അംഗങ്ങളായ ജോർജ് ആലാംപള്ളി, ഷഹീർ മാസ്റ്റർ, റഹിയാനത്ത് സുബി, സെഷൻ ഫോറസ്റ്റ് ഓഫീസർ കെ.എൻ.രമേശൻ, ആറളം എസ്.ഐ എൻ.രാജീവൻ തുടങ്ങിയവരും അൻപതോളം പ്രദേശവാസികളും യോഗത്തിൽ പങ്കെടുത്തു .

രണ്ട് ക്യാമറകൾ സ്ഥാപിക്കും

ചതിരൂരിൽ പുലിയെ നിരീക്ഷിക്കാൻ ആദ്യഘട്ടത്തിൽ രണ്ട് കാമറകൾ സ്ഥാപിക്കും പുലികൾ അക്രമകാരികൾ അല്ലെന്നും ഉദ്യോഗസ്ഥർ വിശദീകരിച്ചു. ടാപ്പിംഗ് തൊഴിലാളികൾ ഉൾപ്പെടെ ജാഗ്രത പാലിക്കുകയും രാത്രിയും പുലർച്ചെയും തനിച്ചുള്ള യാത്രകൾ ഒഴിവാക്കണമെന്നും വനംവകുപ്പ് അധികൃതർ നി‌ർദ്ദേശം നൽകി..

ജീവൻ തിരിച്ചുകിട്ടിയത് ഭാഗ്യമെന്ന് റോബിൻസ്

ചതിരൂർ മേഖലയിൽ പുലിയെ ആദ്യം കണ്ടത് രണ്ടുദിവസം മുമ്പ് ഓട്ടോ ഡ്രൈവറായ മണലേൽ റോബിൻസാണ്.രാത്രി 8 മണിയോടെ കുളിക്കാനായി വീടിന്റെ പിൻഭാഗത്ത് പൈപ്പിന് അടുത്ത് എത്തിയപ്പോഴാണ് തൊട്ടടുത്ത് പുലിയെ കാണുന്നത് . ആദ്യം പുലിയാണെന്ന് മനസിലായില്ലെന്ന് റോബിൻസ് പറയുന്നു. പുലി അലറിയതോടെ സർവ ശക്തിയുമെടുത്ത് തിരിഞ്ഞോടുന്നതിനിടെ വീണ് ഈയാൾക്ക് ഗുരുതരമായി പരുക്കേറ്റു. പിന്നാലെ വീട്ടിലെ മറ്റുള്ളവ‌ർ ടോർച്ച് തെളിച്ചപ്പോൾ പുലി പതിയെ തിരഞ്ഞുപോകുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു.തൊട്ടടുത്ത ദിവസമാണ് 50 മീറ്റർ ദൂരെ താമസിക്കുന്ന വാഴപ്പള്ളിൽ തോമസും പുലിയെ കണ്ടതോടെയാണ് പ്രദേശം കടുത്ത ഭീതിയിലായത്.