സ്ക്രീനിംഗ് കടമ്പ കടന്നു,​ കേരളത്തിന്റെ ടാബ്ലോ റിപ്പബ്ലിക് ദിന പരേഡിന് തിരഞ്ഞെടുക്കപ്പെട്ടു

Friday 02 January 2026 10:08 PM IST

ന്യൂഡൽഹി: ഈ വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കേരളത്തിന്റെ ടാബ്ലോ തിരഞ്ഞെടുക്കപ്പെട്ടു. നൂറു ശതമാനം ഡിജിറ്റൽ സാക്ഷരത നേട്ടവും കൊച്ചി വാട്ടർ മെട്രോയും പ്രമേയമാക്കി കേരളം അവതരിപ്പിച്ച ടാബ്ലോ ഡിസൈനിനാണ് കേന്ദ്ര പ്രതിരോധ മന്ത്രാലയം അംഗീകാരം നൽകിയത്. 'സ്വതന്ത്രത കാ മന്ത്ര- വന്ദേമാതരം' , "സമൃദ്ധി കാ മന്ത്ര- ആത്മനിർഭർ ഭാരത്' എന്നിവയിൽ ഏതെങ്കിലുമൊന്ന് ആശയമാക്കി ഡിസൈൻ അവതരിപ്പിക്കണമെന്നതായിരുന്നു കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിർദ്ദേശം. സമൃദ്ധി കാ മന്ത്ര- ആത്മനിർഭർ ഭാരത് എന്ന തീമിൽ സംസ്ഥാനം വാട്ടർ മെട്രോയും 100 ശതമാനം ഡിജിറ്റൽ സാക്ഷരതയും ആത്മനിർഭർ കേരള ഫോർ ആത്മ നിർഭർ ഭാരത് എന്ന വിഷയമാണ് അവതരിപ്പിക്കുന്നത്. അഞ്ചു ഘട്ടങ്ങളിലായി നടന്ന സ്ക്രീനിംഗിലൂടെയാണ് കേരളത്തിന്റെ ടാബ്ലോ അവതരണത്തിനായി തിരഞ്ഞെടുത്തത്.

കേരളത്തിന് പുറമേ അസാം,​ ഛത്തിസ്ഗഢ്,​ ഗുജറാത്ത്,​ ഹിമാചൽപ്രദേശ്,​ മദ്ധ്യപ്രദേശ്,​ മഹാരാഷ്ട്ര,​ മണിപ്പൂർ,​ നാഗാലാൻഡ്,​ ഒഡിഷ,​ പഞ്ചാബ്,​ രാജസ്ഥാൻ,​ തമിഴ്നാട്,​ ഉത്തർപ്രദേശ്,​ പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ പുതുച്ചേരിയും ജമ്മുകാശ്മീരും വിവിധ മന്ത്രാലയങ്ങളുമാണ് ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നത്.