കാലിക്കറ്റ് യൂണിവേഴ്‌സിറ്റി അത്ലറ്റിക്‌സ് മീറ്റ്‌, കായിക മേളയിൽ സെന്റ് തോമസിന് കിരീടം

Saturday 03 January 2026 12:10 AM IST

പരാതിയെ തുടർന്ന് പെൺകുട്ടികളുടെ ഫല പ്രഖ്യാപനം മാറ്റിവച്ചു

തൃശൂർ : കലിക്കറ്റ് സർവകലാശാല ഇന്റർ കോളീജിയറ്റ് കായിക മേളയിൽ പുരുഷ വിഭാഗത്തിൽ തൃശൂർ സെന്റ് തോമസ് കോളേജിന് ഹാട്രിക്ക് കിരീടം. പെൺകുട്ടികളുടെ വിഭാഗത്തിൽ ഒരു മത്സരാർത്ഥിയുടെ യോഗ്യത സംബന്ധിച്ച് ഉയർന്ന പരാതിയെ തുടർന്ന് ഫല പ്രഖ്യാപനം മാറ്റിവച്ചു. ക്രൈസ്റ്റ് കോളേജിലെ ഒരു മത്സരാർത്ഥിയുടെ യോഗ്യത സംബന്ധിച്ചാണ് പരാതി. ഇവരുടെ യോഗ്യത സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് ലഭിച്ചശേഷം കമ്മിറ്റി ചേർന്നാകും ഫല പ്രഖ്യാപനം. പരാതി തള്ളിയാൽ ക്രൈസ്റ്റ് കോളേജ് ചാമ്പ്യന്മാരാകും. പരാതി അംഗീകരിക്കുകയാണെങ്കിലും നിലവിലെ ജേതാക്കളായ പാലക്കാട് മേഴ്‌സി കോളേജിന് കിരീട ത്തുടർച്ചയുണ്ടാകും. 89 പോയിന്റ് നേടിയാണ് സെന്റ് തോമസ് കോളേജ് പുരുഷ വിഭാഗം ഓവറോൾ ചാമ്പ്യൻ പട്ടം നിലനിറുത്തിയത്. 12 സ്വർണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലുമായാണ് നേട്ടം. 56 പോയിന്റ് നേടി ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജാണ് രണ്ടാം സ്ഥാനത്ത്. അഞ്ച് സ്വർണവും നാല് വെള്ളിയും എട്ട് വെങ്കലവുമാണ് ക്രൈസ്റ്റിന്റെ നേട്ടം. 16 പോയിന്റുമായി ദേവഗിരി സെന്റ് ജോഫ്‌സ് കോളേജാണ് മൂന്നാം സ്ഥാനത്ത്. രണ്ട് വീതം സ്വർണവും വെങ്കലുവും ഒരു വെള്ളിയുമാണ് സെന്റ് ജോഫ്‌സിന്റെ മെഡൽ നേട്ടം.