കോഴയിൽ കറങ്ങി, തിരിഞ്ഞ് സി.പി.എം
- മറ്റത്തൂരിൽ വിയർത്ത കോൺഗ്രസ് വടക്കാഞ്ചേരിയിൽ തിരിച്ചടിക്ക്
തൃശൂർ : തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അവസാനിച്ചെങ്കിലും അദ്ധ്യക്ഷ പദവി തിരഞ്ഞെടുപ്പിലെ വിവാദങ്ങൾ നിന്നുകത്തുന്നു. വടക്കാഞ്ചേരി ബ്‌ളോക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ കോഴയാരോപണം പുറത്തുവന്നതോടെ സി.പി.എം വെട്ടിൽ. മറ്റത്തൂരിൽ കോൺഗ്രസ് വിട്ടവർ ബി.ജെ.പിയുമായി ചേർന്ന് ഭരണം പിടിച്ചപ്പോൾ വിയർത്ത കോൺഗ്രസ് പ്രസ്താവനകളുമായി തിരിച്ചടിക്ക് കോപ്പുകൂട്ടുന്നു. കോൺഗ്രസ് ബി.ജെ.പിയുമായി സഹകരിച്ച് ഭരണം കൈയാളുന്നുവെന്ന ആരോപണം മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറിയുമടക്കം ഉയർത്തുന്നതിനിടെയാണ് കോഴ വിവാദം പൊങ്ങിവന്നത്. ഇടതും വലതും തുല്യത പാലിച്ച തിരഞ്ഞെടുപ്പിൽ ലീഗ് സ്വതന്ത്രൻ ജാഫർ എൽ.ഡി.എഫിന് അനുകൂലമായി വോട്ടു ചെയ്യുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ജാഫർ കോൺഗ്രസ് നേതാവ് മുസ്തഫയോട് സംസാരിക്കുന്ന സംഭാഷണ ശകലം പുറത്തുവന്നു. പിന്നാലെ സി.പി.എം നേതാവ് ജാഫറിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്ന ശബ്ദശകലവും വെളിയിലെത്തി. ഇതോടെ വേണ്ട പരിശോധന നടത്തുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് തന്നെ പ്രതികരിക്കേണ്ടി വന്നു. അബദ്ധം സംഭവിച്ചതാണെന്ന് വിവാദങ്ങൾക്കിടെ ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ജാഫർ പറയുന്നുണ്ടെങ്കിലും ഫോൺ സംഭാഷണത്തിലെ വാക്കുകളിൽ ദുരൂഹത തുടരുകയാണ്. സംഭവത്തെ കുറിച്ച് കോൺഗ്രസ് നേതാവ് അനിൽ അക്കര നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണവുമാരംഭിച്ചു.
കോൺഗ്രസ് പ്രതിഷേധം
വോട്ടെടുപ്പ് കഴിഞ്ഞ ദിവസം മുതൽ ജാഫറിനെതിരെ കോൺഗ്രസ് പ്രതിഷേധവുമായി രംഗത്തുണ്ട്. ഇതിനിടെ ജാഫർ മുങ്ങിയെന്ന വാർത്ത പുറത്തുവന്നു. എന്നാൽ വെങ്കിടങ്ങിൽ വച്ച് ജാഫർ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെ പ്രതിഷേധവുമായി കോൺഗ്രസ് പ്രവർത്തകർ രംഗത്തെത്തി. ഇതോടെ ജാഫർ പാവറട്ടി പൊലീസ് സ്റ്റേഷനിൽ അഭയം തേടി.
കോർപറേഷനിൽ ഒഴികെ ജില്ലയിൽ മികച്ച വിജയമാണ് എൽ.ഡി.എഫിനുണ്ടായത്. എന്നാൽ യു.ഡി.എഫാകട്ടെ പലയിടങ്ങളിലും എസ്.ഡി.പി.ഐ, ബി.ജെ.പി എന്നീ കക്ഷികളുമായി ചേർന്നാണ് ഭരിക്കുന്നത്. ഇത് മറച്ചുവയ്ക്കാൻ എൽ.ഡി.എഫിനെ കരുവാക്കാനാണ് ശ്രമിക്കുന്നത്. ഇത് വിലപ്പോകില്ല.
കെ.വി.അബ്ദുൾ ഖാദർ ജില്ലാ സെക്രട്ടറി സി.പി.എം.
വടക്കാഞ്ചേരി ബ്ലോക്കിലേക്ക് നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കോഴ വാഗ്ദാനം നടത്തിയതിനു പിന്നിൽ സി.പി.എമ്മിന്റെ ഉന്നതരായ നേതാക്കൻമാർക്കും പങ്കുണ്ട്. ഈ സംഭവത്തിൽ അന്വേഷണം നടത്തണം. സി.പി.എമ്മിന്റെ കോട്ടയായിരുന്ന സീറ്റ് പിടിച്ചെടുക്കാനാണ് മിടുക്കനായ ജാഫറിനെ മത്സരിപ്പിച്ചത്. എന്നാൽ ഇത്തരം കോഴ വിവാദം പുറത്തു വന്നതോടെ ജാഫറിനെ സസ്പെൻഡ് ചെയ്യുകയും മെമ്പർ സ്ഥാനം രാജിവയ്പ്പിക്കുകയും ചെയ്തു. സി.എ. റഷീദ് മുസ്ലീം ലീഗ് ജില്ലാ പ്രസിഡന്റ്
കോഴ വാഗ്ദാനത്തിലൂടെ ലഭിച്ച പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ രാജിവയ്പ്പിക്കാൻ സി.പി.എം തയ്യാറാകണം. മറ്റത്തൂരിൽ ഇത്തരത്തിൽ ബി.ജെ.പിയുമായി സഹകരിച്ച് വോട്ട് ചെയ്തവരെ ഞങ്ങൾ സസ്പെൻഡ് ചെയ്തു. കൂറുമാറ്റ നിയമത്തിലൂടെ നടപടിയെടുത്തു. മറ്റത്തൂർ സംഭവത്തിൽ പ്രസ്താവനയുമായി ഇറങ്ങിയ മുഖ്യമന്ത്രിയും പാർട്ടിയും ഈ സംഭവത്തിൽ നടപടിയെടുക്കാൻ തയ്യാറായിട്ടില്ല. സി.പി.എമ്മിന് അധികാരത്തോടുള്ള ആർത്തി മൂത്ത് ഭ്രാന്താണ്. - അഡ്വ. ജോസഫ് ടാജറ്റ് ഡി.സി.സി പ്രസിഡന്റ്