കെ-ടെറ്റിൽ സർക്കാർ ഉത്തരവ് സംഘടനകളിൽ പ്രതിഷേധം
കാസർകോട്: സുപ്രിംകോടതി വിധിയുടെ ചുവടുപിടിച്ച് സ്കൂൾ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റത്തിന് കെ-ടെറ്റ് നിർബന്ധമാക്കി സർക്കാർ ഉത്തരവിറങ്ങിയതിന് പിന്നാലെ അദ്ധ്യാപക സംഘടനകൾക്കുള്ളിൽ പ്രതിഷേധം കടുത്തു.ഭരണാനുകൂല അദ്ധ്യാപക സംഘടനകളിലാണ് പ്രതിഷേധം കടുക്കുന്നത്. സുപ്രീംകോടതി വിധിക്കെതിരെ സർക്കാരിനെ കൊണ്ട് പുനഃപരിശോധന ഹരജി കൊടുപ്പിക്കാൻ കഴിയാത്തതാണ് ഭരണാനുകൂല അദ്ധ്യാപക സംഘടനയിലെ അംഗങ്ങളിൽ കടുത്ത പ്രതിഷേധമുയരാൻ ഇടയാക്കിയത്.
അദ്ധ്യാപക സംഘടനകളുടെ വാട്സ്ആപ് ഗ്രൂപ്പുകളിൽ കടുത്ത പ്രതിഷേധമാണ് നേതൃത്വത്തിനെതിരെ ഉയരുന്നത്. സർക്കാർ പ്രായോഗികനിലപാടിന്റെ പേരിൽ സർക്കാർ ഉത്തരവ് ഇറക്കുന്നത് തടയാൻ സാധിക്കാത്ത സംഘടന എന്തിനാണെന്ന വിമർശനം പ്രാദേശിക നേതാക്കൾ വരെ ഗ്രൂപ്പിൽ ഉന്നയിക്കുന്നുണ്ട്. അദ്ധ്യാപകരെ സർക്കാർ വഞ്ചിച്ചെന്ന വിമർശനമാണ് പ്രതിപക്ഷസംഘടനകൾ ഉന്നയിക്കുന്നത്. കെ-ടെറ്റിന്റെ പേരിൽ അദ്ധ്യാപകരുടെ സ്ഥാനക്കയറ്റം തടയില്ലെന്ന് മിനിറ്റ്സ് രേഖപ്പെടുത്തിയ പൊതുവിദ്യാഭ്യാസ വകുപ്പ് സർക്കുലറിലെ മഷിമായും മുൻപേ ഇതിന് നേർവിപരീത ഉത്തരവിറക്കി വഞ്ചിച്ചെന്നാണ് പ്രതിപക്ഷ സംഘടനക്കാർ ആരോപിക്കുന്നത്.
ബൈട്രാൻസ്ഫർ സ്ഥാനക്കയറ്റം കെ.ടെറ്റുകാർക്ക് മാത്രം
എൽ.പി.എസ്.ടി, യു.പി.എസ്.ടി, എച്ച്.എസ്.ടി തസ്തികകളിലേക്കുള്ള ബൈട്രാൻസ്ഫർ സ്ഥാനക്കയറ്റത്തിന് അതതു വിഭാഗങ്ങളിൽ കെ-ടെറ്റ് നേടിയ അദ്ധ്യാപക, അനദ്ധ്യാപകരെ മാത്രം പരിഗണിച്ചാൽ മതിയെന്നാണ് പുതിയ വ്യവസ്ഥ. ഇതിനുപുറമേ നെറ്റ്, എം ഫിൽ, പി എച്ച്.ഡി, എം.എഡ്, സെറ്റ് യോഗ്യതയുള്ളവരെ കെ-ടെറ്റ് യോഗ്യതയിൽ നിന്ന് ഒഴിവാക്കിയ വ്യവസ്ഥയും റദ്ദാക്കി.ഉത്തരവിന്റെ അടിസ്ഥാനത്തിൽ കെ-ടെറ്റ് ഒന്ന്, രണ്ട് കാറ്റഗറിയിൽ ഏതെങ്കിലും വിജയിച്ചവരെ എൽ.പി, യു.പി അദ്ധ്യാപക നിയമനങ്ങൾക്ക് പരിഗണിക്കും. കെ-ടെറ്റ് മൂന്ന് കാറ്റഗറി പ്രകാരം യോഗ്യത നേടിയവരെ ഹൈസ്കൂൾ അദ്ധ്യാപക നിയമനങ്ങൾക്ക് മാത്രം പരിഗണിക്കും. ഹൈസ്ക്കൂൾ തലത്തിലുള്ള ഭാഷാദ്ധ്യാപകർ കെ ടെറ്റ് മൂന്ന് നേടിയ പക്ഷം കെ ടെറ്റ് നാല് നേടേണ്ടതില്ല എന്നത് ഉത്തരവിലെ വ്യവസ്ഥക്ക് വിധേയമായി തുടരും. കാറ്റഗറി മൂന്ന് യോഗ്യതയുടെ സർവ്വീസിൽ തുടരുന്ന ഹൈസ്‌കൂൾ അദ്ധ്യാപകരെ മാത്രം പ്രധാന അദ്ധ്യാപക തസ്തികയിലേക്കുള്ള സ്ഥാനക്കയറ്റ നിയമങ്ങൾക്കും എച്ച്.എസ്.എസ്.ടി ജൂനിയർ തസ്തികയിലേക്കുള്ള ബൈട്രാൻസ്ഫർ നിയമനങ്ങൾക്കും പരിഗണിക്കും.
പുനഃപരിശോധനാ ഹരജി നൽകിയില്ല
സുപ്രിംകോടതി ഉത്തരവിന്റെ ചുവടുപിടിച്ച് പൊതുവിദ്യാലയങ്ങളിൽ അഞ്ചുവർഷത്തിലേറെ സർവീസുള്ള അദ്ധ്യാപകരെല്ലാം യോഗ്യതാപരീക്ഷയായ കെ ടെറ്റ് വിജയിക്കണമെന്നാണ് സർക്കാർ ഉത്തരവ്.സുപ്രിംകോടതി വിധിയിൽ ഇതുവരെ സർക്കാർ പുന:പരിശോധനാഹർജി നൽകിയിട്ടില്ല.