പലിശരഹിത സ്വർണവായ്പ തട്ടിപ്പ്; തലശ്ശേരിയിൽ ഒരാൾ കൂടി അറസ്റ്റിൽ
തലശ്ശേരി: പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒരാളെ ധർമടം പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ നാലാംപ്രതി വടക്കുംമ്പാട് തോട്ടുമ്മൽ സ്വദേശി സി. മുഹമ്മദ് ഷിബിൽ (39) ആണ് അറസ്റ്റിലായത്.
തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം ഹാർബർ സിറ്റി ബിൽഡിംഗിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ ചേർന്ന് പരാതിക്കാരിയെ സമീപിച്ച് ഒരുവർഷത്തേക്ക് പലിശരഹിത സ്വർണ വായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു. വായ്പാ കാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയംവച്ച അതേ സ്വർണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം.
പരാതിക്കാരിയിൽ നിന്ന് 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ കൈക്കലാക്കി. കൂടാതെ സ്വർണം തിരികെ നൽകാമെന്ന് പറഞ്ഞ് 1,25,000 രൂപ കൂടി പിന്നീട് കൈവശപ്പെടുത്തി. പണം കൈപ്പറ്റിയ ശേഷവും പണയം വെച്ച സ്വർണമോ നൽകിയ പണമോ തിരികെ നൽകാതിനെ തുടർന്ന് ധർമടം പൊലിസിൽ പരാതിപ്പെടുകയായിരുന്നു. കേസിൽ പിണറായി കമ്പോണ്ടർ ഷോപ്പ് സ്വദേശി ഇ.പ്രകാശൻ നേരത്തെ അറസ്റ്റിലായിരുന്നു. പ്രതികൾ മൂന്നുകോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയതിനും മറ്റുമായി വിവിധ സ്റ്റേഷനുകളിൽ 30ഓളം കേസുകളുമുണ്ട്.ധർമടം പൊലിസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ കെ.പി ഹരിയുടെ നിർദേശപ്രകാരം എസ്.ഐ ജെ. ഷജീം, എസ്.ഐ നിജേഷ്, സി.പി.ഒ സജിൻ, സി.പി.ഒ സോന എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.