പാലക്കാട് വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്
പാലക്കാട്: ആലത്തൂരിൽ വൃദ്ധയ്ക്ക് നേരെ ലെെംഗികാതിക്രമം നടത്തിയ ബിജെപി പ്രവർത്തകനെതിരെ കേസെടുത്ത് പൊലീസ്. കാവശേരി പാടൂർ സ്വദേശി സുര എന്ന സുരേഷിനെതിരെയാണ് ആലത്തൂർ പൊലീസ് കേസെടുത്തത്. പാലക്കാട് ആലത്തൂരിൽ പുറമ്പോക്കിൽ കഴിയുന്ന 65കാരിക്ക് നേരെയായിരുന്നു അതിക്രമം. നിലവിൽ സുരേഷ് ഒളിവിലാണെന്നാണ് വിവരം. കാവശേരി പഞ്ചായത്ത് രണ്ടാം വാർഡിലെ ബിജെപി ബൂത്ത് പ്രസിഡന്റാണ് സുരേഷ്.
പുലച്ചെ മൂന്നരയോടെ തനിച്ച് താമസിക്കുന്ന വൃദ്ധയ്ക്ക് നേരെ അപ്രതീക്ഷിത ആക്രമണം ഉണ്ടാകുകയായിരുന്നു. ഉറങ്ങിക്കിടക്കുമ്പോൾ കൂരപൊളിക്കുന്ന ശബ്ദം കേട്ടാണ് വൃദ്ധ ഞെട്ടി ഉണർന്നത്. അതിക്രമത്തിനെ പ്രതിരോധിക്കാൻ ശ്രമിച്ചപ്പോൾ കഴുത്ത് ഞെരിച്ച് കൊല്ലാനും പ്രതി ശ്രമിച്ചു. വൃദ്ധ കുതറിമാറി പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് സമീപവാസികൾ ഓടിക്കൂടി. ഇവരാണ് വൃദ്ധയെ ആശുപത്രിയിൽ എത്തിച്ചത്.
65കാരിയുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോൾ പ്രതി ഒളിവിൽ പോകുകയായിരുന്നു. സംഭവം നടക്കുന്നതിന് മുൻപ് പ്രതിയായ സുരേഷും മറ്റ് മൂന്നുപേരും പാടൂർ അങ്ങാടിയിൽ പരസ്യമായി ഇരുന്ന് മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. മദ്യലഹരിയിൽ അങ്ങാടിയിലെ ഡിവെെഎഫ്ഐയുടെ ഫ്ലക്സ് ബോർഡ് തകർത്തതിനും സുരേഷിനും സംഘത്തിനുമെതിരെ കേസെടുത്തിട്ടുണ്ട്. പ്രതിക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.