വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്, രണ്ടാം പ്രതിയും അറസ്റ്റിൽ

Saturday 03 January 2026 12:18 AM IST

തൊടുപുഴ: വിദേശജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ രണ്ടാം പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ പെരിങ്ങോട്ടുകര മരോട്ടിക്കൽ വീട്ടിൽ ആദർശിനെ (29)യാണ് കരിമണ്ണൂർ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിനെ തുടർന്ന് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്ന പ്രതി വിദേശത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടയിലാണ് ഇന്നലെ നെടുമ്പാശ്ശേരി പൊലീസിന്റെ പിടിയിലായത്. തുടർന്ന് കരിമണ്ണൂർ പൊലീസിന് കൈമാറുകയായിരുന്നു. കേസിലെ ഒന്നാം പ്രതി ചേർത്തല സ്വദേശി രഞ്ജിത്ത് അശോകനെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. 2023ലായിരുന്നു കേസിനാസ്പദമായ സംഭവം. ചെക്റിപ്പബ്ലിക്കിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായാണ് പരാതി. കരിമണ്ണൂർ പള്ളിക്കാമുറി സ്വദേശിയായ പൂവത്തുരുത്തിൽ വീട്ടിൽ ജിത്തു ജോളിയാണ് പരാതിക്കാരൻ. 2022 ആഗസ്റ്റ് 10 മുതൽ 2023 നവംബർ 10വരെയുള്ള കാലയളവിൽ ഇരുവരും ചേർന്ന് 3.95ലക്ഷം രൂപയാണ് ജിത്തുവിൽ നിന്നും തട്ടിയെടുത്തത്. എറണാകുളം ഇടപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എഡ്യൂകെയർ ഇൻസ്റ്റിറ്റ്യൂട്ട് മാനേജ്‌മെന്റ് ആൻഡ് ടെക്‌നോളജി എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു ഡയറക്ടർമാർ എന്ന പേരിലുള്ള ഇവരുടെ തട്ടിപ്പ്. കരിമണ്ണൂർ സി.ഐ വി.എസ് അനിൽകുമാറിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ കെ.എം അബ്ദുൾ ഖനി, ജോസ് ജോൺ, സീനിയർ സി.പി.ഒ ഷാബിൻ സിദ്ധിഖ്, സി.പി.ഒ അഷ്റഫ് കെ.ടി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ പീരുമേട് കോടതിയിൽ ഹാജരാക്കി.