പേട്ട തുള്ളലിന് അമ്പലപ്പുഴ സംഘം 6ന് പുറപ്പെടും

Friday 02 January 2026 11:44 PM IST

ആലപ്പുഴ: എരുമേലി പേട്ടതുള്ളലിനും മകരവിളക്ക് ദർശനത്തിനുമായി അമ്പലപ്പുഴ സംഘം 6ന് രാവിലെ 7.30ന് അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ നിന്ന് പുറപ്പെടും. പേട്ടതുള്ളലിന് എഴുന്നള്ളിക്കാനുള്ള സ്വർണത്തിടമ്പുമായി പ്രത്യേകം അലങ്കരിച്ച രഥവുമായുള്ള യാത്രയിൽ മാളികപ്പുറങ്ങൾ ഉൾപ്പെടെ 250പേർ പങ്കെടുക്കും. 5ന് രാത്രിയിൽ ഇരുമുടിക്കെട്ട് നിറച്ച് സ്വാമിമാർ അമ്പലപ്പുഴ ക്ഷേത്രത്തിലെത്തും.

രാവിലെ ചുറ്റുവിളക്കുകൾ തെളിയിച്ച് പ്രത്യേകവഴിപാട് നടത്തി യാത്ര ആരംഭിക്കും. മല്ലശേരി മഹാദേവക്ഷേത്രത്തിൽ ഉച്ചഭക്ഷണത്തിനുശേഷം ആദ്യദിനം തകഴി ശ്രീധർമ്മശാസ്ത ക്ഷേത്രത്തിൽ വിശ്രമിക്കും. തുടർന്ന് വിവിധ ക്ഷേത്രങ്ങളിലെ ദർശനത്തിനുശേഷം ഒമ്പതിന് മണിമലക്കാവ് ക്ഷേത്രത്തിലെത്തി ആഴിപൂജക്കുശേഷം 10ന് എരുമേലിയിലേക്ക് തിരിക്കും. 11നാണ് പേട്ടതുള്ളൽ. ഉച്ചയ്ക്ക് 12ന് മാനത്ത് കൃഷ്ണപ്പരുന്ത് വട്ടമിട്ട് പറക്കുമ്പോൾ തിടമ്പ് ആനപ്പുറത്തേറ്റി വാദ്യമേളങ്ങളുടെ അകമ്പടിയിൽ പേട്ടതുള്ളൽ ആരംഭിക്കും. തുടർന്ന് വാവർപ്രതിനിധി സംഘത്തോടൊപ്പം വലിയമ്പലത്തിൽ പ്രദക്ഷിണം നടത്തും. 13ന് പമ്പസദ്യ നടത്തി മലകയറും. 14ന് മകരവിളക്കുദിവസം നെയ്യഭിഷേകവും രാത്രിയിൽ കർപ്പൂരാഴി പൂജയും നടത്തും. അമ്പലപ്പുഴയിൽനിന്ന് സ്വാമിമാർ ഇരുമുടിക്കെട്ടിൽ കൊണ്ടുവരുന്ന കാര എള്ള്, ശർക്കര, നെയ്യ്, തേൻ, കൽക്കണ്ടം, മുന്തിരി എന്നിവ ഉപയോഗിച്ച് തയാറാക്കുന്ന എള്ളുപായസമാണ് നിവേദിക്കുക. 15ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തിൽനിന്ന് പതിനെട്ടാംപടിയിലേക്ക് ശീവേലി എഴുന്നള്ളത്തും പടിയിൽ കർപ്പൂരാരതിയും. തുടർന്ന് അയ്യപ്പദർശനം നടത്തി സംഘം മലയിറങ്ങും. അമ്പലപ്പുഴ ക്ഷേത്രത്തിൽ 49ദിവസം നീളുന്ന അന്നദാനവും വിവിധക്ഷേത്രങ്ങളിലായി 19 ആഴിപൂജകളും നടത്തിയാണ് സംഘം യാത്രതിരിക്കുന്നത്. വാർത്താസമ്മേളനത്തിൽ സമൂഹപ്പെരിയോൻ എൻ.ഗോപാലകൃഷ്ണപിള്ള, സംഘം പ്രസിഡന്റ് ആർ.ഗോപകുമാർ, സെക്രട്ടറി കെ.ചന്ദ്രകുമാർ, ട്രഷറർ ബിജു സാരംഗി എന്നിവർ പങ്കെടുത്തു.

11ന് എരുമേലി പേട്ടതുള്ളൽ

 13ന് പമ്പസദ്യ നടത്തി മലകയറും

 14ന് നെയ്യഭിഷേകവും കർപ്പൂരാഴി പൂജയും

 15ന് അമ്പലപ്പുഴ സംഘം മലയിറങ്ങും