തൈക്കാട്ടുശ്ശേരി വഴിയോര വിശ്രമകേന്ദ്രം ഉഷാർ

Friday 02 January 2026 11:45 PM IST

തുറവൂർ : തൈക്കാട്ടുശ്ശേരിയിലെ വഴിയോര വിശ്രമകേന്ദ്രത്തിൽ ഓപ്പൺ ജിം ഉൾപ്പെടെ സജ്ജമാക്കിയതോടെ സന്ദർശകരുമെത്തിത്തുടങ്ങി. വർഷങ്ങൾക്കു മുമ്പ് വിനോദസഞ്ചാര വകുപ്പ് നിർമ്മിച്ച വഴിയോര വിശ്രമകേന്ദ്രം കുറച്ചു കാലമായി അനാഥമായി കിടക്കുകയായിരുന്നു. നടത്തിപ്പിനായി പുതിയ കരാറുകാരെ ചുമതലപ്പെടുത്തി ടെൻഡർ പൂർത്തിയാക്കിയതോടെയാണ് പദ്ധതിക്ക് വീണ്ടും ജീവൻവച്ചത്.

ഡി.ടി.പി.സിയുടെ ചുമതലയിലുള്ള വഴിയോര വിശ്രമകേന്ദ്രത്തിൽ, ജില്ലാപഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 10 ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിം സ്ഥാപിച്ചത്. രാവിലെയും വൈകുന്നേരവും നടക്കാനും വ്യായാമം ചെയ്യാനും നിരവധി ആളുകൾ ഇപ്പോൾ ഇവിടെയെത്തുന്നുണ്ട്. . ഏത് സമയത്തും ഉപയോഗിക്കാവുന്ന രീതിയിൽ 12വ്യായാമഉപകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

വിശ്രമകേന്ദ്രത്തിന്റെ സമീപപ്രദേശങ്ങൾ കാടുകയറിയ നിലയിലാണ്. തെരുവുനായ ശല്യവും വർദ്ധിച്ചു. ആവശ്യത്തിന് വെളിച്ചമില്ലാത്തത് സന്ദർശകർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും പരാതിയുണ്ട്. ഇതിന്റെ പരിസരങ്ങളിൽ മാലിന്യംതള്ളുന്നത് അവസാനിപ്പിക്കാൻ കർശനനടപടി വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ഓപ്പൺ ജിമ്മും സജ്ജം

 തൈക്കാട്ടുശേരി പാലത്തിന്റെ പടിഞ്ഞാറേക്കരയിൽ റോഡിന്റെ ഇരുവശങ്ങളിലായി രണ്ടര കോടി രൂപ ചെലവഴിച്ചാണ് വഴിയോര വിശ്രമകേന്ദ്രം സജ്ജമാക്കിയത്

 വിനോദസഞ്ചാര വകുപ്പിന്റെ മേൽനോട്ടത്തിൽ സർക്കാർ ഏജൻസിയായ കെൽ ആണ് നിർമ്മാണം പൂർത്തിയാക്കിയത്

 ഇരുഭാഗത്തുമായി തറയോടുകൂടിയ നടപ്പാതകൾ, ഇരിപ്പിടങ്ങൾ, കൈവരികൾ, കുട്ടികളുടെ കളിസ്ഥലം, കോഫി ഷോപ്പ് തുടങ്ങിയവ പദ്ധതിയിലുണ്ടായിരുന്നു

 ഇതിൽ കൈവരികളും കോഫി ഷോപ്പും ഇതുവരെ നിർമ്മിച്ചിട്ടില്ല. ഏറെ വാഹന തിരക്കുള്ള റോഡായതിനാൽ ഇരുവശങ്ങളിലും കൈവരികൾ അത്യാവശ്യമാണ്

ഓപ്പൺ ജിമ്മിന് ചെലവ്

₹10 ലക്ഷം

വിശ്രമകേന്ദ്രത്തിന് ചെലവ്

₹2.5കോടി

വഴിയോര വിശ്രമയിടത്തിൽ നായ്ക്കളുടെ ശല്യം വർദ്ധിച്ചു. തൈക്കാട്ടുശ്ശേരി പാലത്തിന് പടിഞ്ഞാറേക്കരയിലും പരിസരത്തും രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യം ഉൾപ്പെടെ തള്ളുന്നുണ്ട് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കണം

- പി.സത്യൻ, പ്രസിഡന്റ്, ബി.ഡി.ജെ.എസ് തുറവൂർ പഞ്ചായത്ത് കമ്മിറ്റി